26 May Tuesday

കോവിഡ് 19 ചികിത്സയ്ക്ക് ആശുപത്രി വിട്ടുനല്‍കാന്‍ പ്രവാസി മലയാളി ഡോക്ടര്‍

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


കൊച്ചി
കോവിഡ്–-19 ചികിത്സയ്ക്കായി  500 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സർക്കാരിന് വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച് പ്രവാസി മലയാളി ഡോക്ടർ. മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്‌കെയർ ഗ്രൂപ്പായ വിപിഎസ് ഹെൽത്ത്‌ കെയറിന്റെ സാരഥി ഡോ. ഷംഷീർ വയലിലാണ്   ഗ്രൂപ്പിന്റെ ഡൽഹി മനേസറിലെ മെഡിയോർ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ വിട്ടുനൽകാൻ തയ്യാറായത്. ഇക്കാര്യം വ്യക്തമാക്കി  ഡോ. ഷംഷീർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. 

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കൽ കെയർ, പൾമണോളജി വിഭാഗങ്ങൾ, ഐസൊലേഷൻ റൂമുകൾ, വെന്റിലേറ്ററുകൾ, മറ്റ് അടിയന്തര സേവനങ്ങൾ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മെഡിയോർ ഹോസ്പിറ്റൽ. കോവിഡ്–-19 ബാധിതരായ രോഗികളെ ചികിത്സിക്കാനായി സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് മെഡിക്കൽ വിദഗ്‌ധർ ഉൾപ്പെട്ട പ്രത്യേക കർമസേനയ്ക്ക് ആശുപത്രി അധികൃതർ രൂപം നൽകയിട്ടുണ്ട്‌. വിപിഎസ് ഹെൽത്ത്‌ കെയറിന്റെ ആഗോള ശൃംഖലയിലൂടെ കോവിഡ്‌–-19 ബാധിതർക്ക് മികച്ച പരിചരണം നൽകാൻ മെഡിയോർ ഹോസ്പിറ്റലിന് കഴിയുമെന്ന്‌ ഷംഷീർ പറഞ്ഞു. സംസ്ഥാനത്ത് നിപാ ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെട്ടപ്പോൾ വിപിഎസ് ഹെൽത്ത്‌ കെയർ വിദേശത്തുനിന്ന്‌ പ്രത്യേക വിമാനത്തിൽ  മരുന്ന് എത്തിച്ചുനൽകി സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top