21 October Wednesday

കുവൈത്തില്‍ ആശ്രിത വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് നിയന്ത്രണം

അനസ് യാസിന്‍Updated: Wednesday Aug 26, 2020

കുവൈറ്റ്‌ സിറ്റി> കുവൈത്തില്‍ ആശ്രിത വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ മേഖലയിലേക്ക് മാറുന്നതും നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ്‌ അല്‍ മൂസ അറിയിച്ചു.

ഇനി മുതല്‍ കുവൈത്തി വനിതകളുടെ ഭര്‍ത്താവ്-മക്കള്‍, കുവൈത്തില്‍ ജനിച്ചവര്‍, യാത്രാ രേഖകളുള്ള പലസ്തീന്‍കാര്‍, കുവൈത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് സെക്കന്‍ഡറി ബിരുദം / ഡിപ്ലോമ ഉള്ളവര്‍ എന്നീ നാല് വിഭാഗങ്ങള്‍ക്ക് മാത്രമാണ് ആശ്രിത വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതിയുള്ളത്. പൊതു മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലുള്ള വിസ മാറ്റം വിലക്കില്‍നിന്നും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കം നാലു വിഭാഗങ്ങളെ ഒഴിവാക്കി.

എല്ലാതരം സന്ദര്‍ശക വിസകളും റെസിഡന്‍സി പെര്‍മിറ്റിലേക്ക് മാറ്റുന്നത് കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.
പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 50 ശതമാനം പ്രവാസികളെ പിരിച്ചുവിടുമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് വിസാ മാറ്റം തടഞ്ഞ് ഉത്തരവിറക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ കുവൈത്ത് സര്‍ക്കാര്‍ മേഖലയില്‍ 1,20,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി 2018ല്‍ പൊതു മേഖിലയില്‍ നിന്ന് 50,000 ഓളം വിദേശികളെ പിരിച്ച് വിട്ടിരുന്നു.

14 ലക്ഷം കുവൈറ്റ് ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top