ദോഹ > രാജ്യത്ത് പുതുതായി വന്ന നികുതി ഘടനകള്‍ പ്രയോജനപ്പെടുത്തി പ്രവാസികള്‍ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയും പുരോഗതി നേടുകയും വേണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹിലാല്‍ മേഖല സംഘടിപ്പിച്ച സാമ്പത്തിക സെമിനാര്‍ ആവശ്യപ്പെട്ടു. ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായാണ് ഐ സി സി അശോകാ ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
വ്യക്തികളുടയും കച്ചവടത്തിന്റെയും മറ്റെല്ലാ വരുമാനവും ധാര്‍മികതയുടെയും വിശ്വസ്തതയുടെയും കഴിവിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയാല്‍ അത് സ്ഥായിയായതും വ്യക്തി, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതിക്ക് ഏറെ സഹായിക്കുമെന്നും എം എം അക്ബര്‍ ഉദ്ബോധിപ്പിച്ചു. ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്നത് ഇത്തരം സുതാര്യതയാണ് വികസനത്തിന് ഹേതുവാകുന്നതെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി എസ് ടി നടപ്പിലാക്കുന്നതോടെ ബിസിനസിന് അനുകൂലമായ ഘടകങ്ങള്‍ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് പ്രവാസികള്‍ക്ക് നാട്ടില്‍ ബിസിനസ് അവസരങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നതെന്നും പ്രവാസി ആക്ടിവിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ അബ്ദുറഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. ജി എസ് ടി, ആധാര്‍, പാന്‍ കാര്‍ഡ്, പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്, വിവിധ നികുതികള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് എടുക്കുകയായിരുന്നു അദ്ദേഹം.
സങ്കീര്‍ണ്ണ നികുതി ഘടനയില്നിന്നുള്ള മോചനം, സുതാര്യത, അക്കൗണ്ടിംഗിലെ എളുപ്പം, ചെക്ക് പോസ്റ്റുകളിലെ അനാവശ്യ തടസ്സങ്ങളില്‍നിന്നുള്ള രക്ഷ തുടങ്ങിയവ ജി എസ് ടി ശരിയായ രൂപത്തില്‍ നടപ്പിലാകുന്നതോടെ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 63 ശതമാനത്തിന് കാരണമായ സര്‍വീസ് മേഖലയ്ക്ക് ജി എസ് ടിയിലൂടെ നികുതി വിഹിതം ലഭിക്കുമെന്നതിനാല്‍ കേരളത്തിന്റെ നികുതി വരുമാനം ഗണ്യമായി വര്‍ധിക്കും. ഇതുവരെ കേന്ദ്രത്തിന് മാത്രമാണ് സേവന നികുതി ലഭിച്ചുകൊണ്ടിരുന്നത്. സേവന മേഖല വലിയ പരിധിവരെ ആശ്രയിക്കുന്നത് പ്രവാസികളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്കാണ്. അതുകൊണ്ട് പ്രവാസികളെ കൂടുതല്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.
പ്രവാസ ഭൂമികയില്‍ നിന്നും അയക്കുന്ന പണം ഇനിയെങ്കിലും പ്രതുത്പാദന പാതയിലേക്ക് തിരിച്ചുവിടണമെന്നും പുതിയ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തിഇന്ത്യയില് നികുതി പരിധിയില്‍ വരുന്ന വരുമാനം ഓരോ പ്രവാസിയും ഉണ്ടാക്കാന്‍ ഊര്‍ജ്ജിത ശ്രമം നടത്തണമന്നും നികുതി ദായകനാകുന്നതില് അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് അഷ്റഫ് മടിയാരി അധ്യക്ഷത വഹിച്ചു. ഹനീഫ് അയ്യപ്പള്ളി, സന്‍ജബീല്‍ മിസ്രി, നജീബ് കോഴിക്കോട്, നജീബ് അബൂബക്കര്‍, നുനൂജ് യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.