02 July Thursday

കോവിഡ്: കുവൈറ്റിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് മരണം; രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി

ടി വി ഹിക്‌മത്ത്Updated: Saturday Apr 25, 2020

കുവൈറ്റ് സിറ്റി > കുവൈറ്റിൽ ഇന്ന് കൊറോണ ബാധയെ തുടർന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർ മരണപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിക്കുന്നത് ഇന്നാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തൊൻപതായി. ഏറ്റവു കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇന്ന് തന്നെയാണ്. 278 പേർക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതിൽ 109 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗാബാധിതരുടെ എണ്ണം 2892 ആയി വർദ്ധിച്ചു. ഇതേ സമയം 656 പേർക്ക് ഇതുവരെയായി രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുമുണ്ട്. ദിനംപ്രതി രോഗികളുടെ എണ്ണത്തിലെ വർദ്ധനവ് കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിൽ ഫീൽഡ് ആശ്പത്രികളും സജ്ജീകരിച്ചു വരികയാണ് ആരോഗ്യമന്ത്രാലയം. എന്നാൽ പ്രവർത്തനം തുടങ്ങിയ ആശുപത്രികളിൽ വേണ്ടത്ര ചികിത്സാസൗകര്യം കിട്ടുന്നില്ല എന്ന പരാതിയും ഉയർന്നു വരുന്നുണ്ട്.

കോവിഡ് ചികിത്സക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെ സഹായിക്കാൻ കഴിഞ്ഞ രാണ്ടാഴ്ചയായി കുവൈറ്റിൽ ഉണ്ടായിരുന്ന ഇന്ത്യയിൽനിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇന്ന് ഉച്ചയോട് കൂടി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരിച്ചുപോയി. പതിനഞ്ചംഗ സംഘത്തോടൊപ്പം നാട്ടിൽ വിദഗ്ധ ചികിത്സ ആവശ്യമായിരുന്ന പാലക്കാട് കീഴ്ക്കാഞ്ചേരി സ്വദേശി രതീഷ്‌കുമാറിന്റെ മകൾ സാദികയും പ്രത്യേക അനുമതിയോടെ വിമാനത്തിൽ ഡൽഹിയിലേക്ക് യാത്രയായിട്ടുണ്ട്. ഡൽഹി എയിംസ് ആശുപത്രിയിലാണ് സാദികക്ക് തുടർ ചികിത്സ ഒരുക്കിയിരിക്കുന്നത്.

രോഗം വലിയ തോതിൽ വ്യാപിക്കുന്നു എന്ന ആശങ്കയാണ് പ്രവാസികൾക്കിടയിൽ ഉള്ളത്. ചില ആശുപത്രികളിലെ മലയാളി നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും രോഗാബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗാബാധയുടെ പശ്ചാത്തലത്തിലും ജോലി നഷ്ടപ്പെടുന്നതിന്റെയുമൊക്കെ സാഹചര്യത്തിൽ മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ടു ആത്മഹത്യ  പോലുള്ള പ്രവണതകളിലേക്കും ആളുകൾ നീങ്ങുന്ന വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലപ്പുറം എടപ്പാൾ അയിലക്കാട് പുളിക്കത്ത സ്വദേശി പ്രകാശ് കുവൈറ്റിലെ സബാഹ് സാലം പ്രദേശത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. 5 മാസം മുമ്പാണു ഇദ്ദേഹം കുവൈത്തിൽ എത്തിയത്. വിസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരുന്നതിനിടയിലാണ് രാജ്യത്ത് കൊറോണ പ്രതിസന്ധി തുടങ്ങിയത്. ഇതേ തുടർന്ന് ജോലി ഇല്ലാതെ റൂമിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഫിലിപ്പിൻ സ്വദേശിയെയും ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ തിരിചെതിക്കാനാവശ്യമായ അടിയന്തിര നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് ദിവസേന നൂറുക്കണക്കിനു പേരാണ് നോർക്ക ഹെൽപ് ഡെസ്‌കിനെയും വിവിധ സാമൂഹ്യ സംഘനകളെയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top