22 April Monday

കല കുവൈറ്റ് പ്രയാണം-2019 പ്രചാരണത്തിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Feb 25, 2019

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് അസോസിയേഷന്‍, കല കുവൈറ്റ് ഈ വര്‍ഷത്തെ മെഗാ സാംസ്‌കാരിക മേളയായ പ്രയാണം 2019-ന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അബു ഹലീഫ കല സെന്ററില്‍ നടക്കുന്ന ഏകദിന പഠനക്യാമ്പിന്റെ വേദിയില്‍ പ്രയാണം-2019 ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ എന്‍ അജിത്ത് കുമാറിന് പരിപാടിയുടെ പോസ്റ്റര്‍ കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് ജനറല്‍ സെക്രട്ടറി ടികെ സൈജു, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മെയ് 3-ന് ഖാല്‍ദാസിയ യൂണിവേഴ്‌സിറ്റി തിയേറ്ററിലാണ് പ്രയാണം-2019 അരങ്ങേറുന്നത്. പരിപാടിയില്‍ മുഖ്യാതിഥിയായി പ്രമുഖ സ്ത്രീപക്ഷ പ്രവര്‍ത്തകയും ചലച്ചിത്രതാരവും നര്‍ത്തകിയും ഗായികയുമായ രമ്യ നമ്പീശന്‍ പങ്കെടുക്കും. ആസാദി, എത്രയെത്ര മതിലുകള്‍ എന്നീ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രശസ്ത പിന്നണി ഗായിക പുഷ്പാവതിയുടേയും, പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തിന്റേയും നേതൃത്വത്തില്‍ ഗാനസന്ധ്യയും വേദിയില്‍ അരങ്ങേറും. കലയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാല് മേഖലയില്‍ നിന്നുമുള്ള കലാപരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതലാണ് പരിപാടികള്‍ ആരംഭിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിലും കുവൈറ്റിലുമുള്ള സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

പ്രയാണം 2019-ന്റെ വിജയകരമായ നടത്തിപ്പിനു മുന്നോടിയായി സാം പൈനുംമൂട് ജനറല്‍ കണ്‍വീനര്‍ ആയും രെഹില്‍ കെ മോഹന്‍ദാസ്, രമേശ് കണ്ണപുരം എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സജി തോമസ് (ഫിനാന്‍സ്), ജയന്‍ ടിവി (സുവനീര്‍), സുഗതകുമാര്‍ (വാളണ്ടിയര്‍), ഉണ്ണികൃഷ്ണന്‍, ജ്യോതിഷ് പിജി (കലാപരിപാടികള്‍), ആസഫ് അലി, രാജേഷ് കെഎം (പബ്ലിസിറ്റി), അനില്‍ കൂക്കിരി (ഭക്ഷണം), ശുഭ (റിസപ്ഷന്‍), നിസാര്‍ കെവി (റാഫിള്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 60315101, 67765810, 66656642 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


പ്രധാന വാർത്തകൾ
 Top