16 September Monday
ഇന്ത്യയിൽ ചികിത്സ തേടിയ 600 യമൻ സ്വദേശികൾ മടങ്ങി

യമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ യുഎന്നിന‌് പിന്തുണ നൽകും: യുഎഇ സ്ഥാനപതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്നയ്ക്ക് വിപിഎസ് ഗ്രൂപ്പ് ഡയറക്ടർ മർവാൻ അൽ നാസർഉപഹാരം നൽകുന്നു. ഗ്രൂപ്പ് ഡയറക്ടർ ഡോ: ഷാജിർ ഗഫാർ സമീപം

ന്യൂഡൽഹി> യമനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള യുഎൻ ശ്രമത്തിന് എല്ലാ പിന്തുണയും നൽകുമെന്ന‌് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്ന പറഞ്ഞു. സമീപകാലത്ത് രാജ്യം കണ്ട അതിർത്തിക്കപ്പുറത്തു നിന്നുള്ള ഏറ്റവും വലിയ സാന്ത്വന ദൗത്യമാണ് യുദ്ധത്തിൽ പരിക്കേറ്റ യമനി പൗരന്മാർക്ക‌് ഇന്ത്യയിൽ നൽകിയ ചികിത്സ. ഇന്ത്യയുമായുള്ള ശക്തമായ നയതന്ത്രബന്ധവും വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സഹകരണവുമാണ‌് ഈ ദൗത്യത്തിന‌് സഹായമായത‌്. വിപിഎസിന്റെ ഡൽഹി മെഡിയോർ ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയ യമനി പൗരൻമാരെ പെങ്കടുപ്പിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

യമനിൽ യുദ്ധത്തിൽ പരിക്കേറ്റ പട്ടാളക്കാർക്കും ജനങ്ങൾക്കുമാണ‌് ഡൽഹി മെഡിയോർ ആശുപത്രിയിൽ ചികിത്സ നൽകുന്നത‌്. വെടിയേറ്റവർ, അംഗഭംഗം വന്നവർ തുടങ്ങിയവരെയാണ് യുഎഇ സർക്കാർ ഇവിടെ എത്തിക്കുന്നത‌്. 2017 ഏപ്രിൽ മുതൽ പരിക്കേറ്റവരും അവർക്കൊപ്പമുള്ളവരുമടക്കം 1054 പേർ ഇന്ത്യയിലെത്തി. പത്താമത‌് സംഘം മടങ്ങിയതോടെ ചികിത്സ വിജയകരമായി പൂർത്തിയാക്കിയവരുടെ എണ്ണം 600 കടന്നു. ദൗത്യത്തിന്റെ ഭാഗമായി മെഡിയോർ ആശുപത്രിയെ ഉൾപ്പെടുത്തിയത‌് യുഎഇ സർക്കാരിന്റെ തങ്ങളിലുള്ള വിശ്വാസമാണ‌് കാണിക്കുന്നതെന്ന‌് വിപിഎസ് ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ഡോ. ഷംസീർ വയലിൽ പറഞ്ഞു.  ഓർത്തോപീഡിക്, ന്യൂറോസർജറി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, ഒപ്താൽമിക് സർജറി തുടങ്ങിയ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ്  ഡോക്ടർമാരുടെ 50 അംഗ പ്രത്യേക ടീമാണ് ചികിത്സച്ചതെന്ന‌് വിപിഎസ് ഗ്രൂപ്പ് ഡയറക്ടർ ഡോ. ഷാജിർ ഗഫാർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top