22 July Monday

ആഘോഷ തിമിർപ്പിൽ കുവൈറ്റ്; ദേശീയ ദിനാഘോഷങ്ങള്‍ ഫെബ്രവരി 26 വരെ നീളും

ടി വി ഹി‌ക്‌മത്ത്Updated: Sunday Feb 24, 2019

കുവൈറ്റ്‌സിറ്റി > അൻപത്തി എട്ടാമത് ദേശീയ ദിനാഘോഷത്തിനും രാജ്യം ഇറാഖ് അധിനിവേശത്തിൽ നിന്നും മോചിതമായതിന്റെ ഇരുപത്തിഎട്ടാം വാർഷികതിന്റെയും ഭാഗമായ ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളുമായി കുവൈറ്റ്. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ദീപാലങ്കാരങ്ങൾ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും വീടുകളും കൊടികളാലും മറ്റു അലങ്കാര പണികളാലും വർണ്ണ ശബളമാണ്. മിക്ക സ്വദേശി വാഹനങ്ങളും തങ്ങളുടെ രാജ്യത്തിന്റെ പതാകയുടെയും കുവൈറ്റ്‌ അമീറിന്റെയും ചിത്രങ്ങളാല്‍ അലങ്കൃതമാക്കിയാണ് ആഘോഷത്തിൽ പങ്കുചേർന്നത്. ആഘോഷ ദിനങ്ങളുടെ ഭാഗമായി നൂറുക്കണക്കിനു തടവുകാര്‍ക്ക് മോചനം നല്‍കാനും, നിരവധി പേരുടെ ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചും കുവൈറ്റ്‌ അമീര്‍ പ്രത്യേക ഉത്തരവും ഇറക്കിയിട്ടുണ്ട്.

അറബ് സംസ്‌കാരത്തിന്റെ തനിമ വിളിച്ചോതുന്ന നിരവധി കലാ സാംസ്‌കാരിക പരിപാടികളും സർക്കാരും സ്വകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ദിവസങ്ങളായി നടന്നു വരികയാണ്. കുവൈറ്റ്‌ ഓയില്‍ കമ്പനിയുടെയും കുവൈറ്റ്‌ പെട്രോളിയം കമ്പനികളുടെയും ഓഫീസുകള്‍ വര്‍ണ്ണപ്പോലിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.

അന്നം തരുന്ന രാജ്യത്തോടുള്ള കടപ്പാട് അറീയിച്ചുകൊണ്ടു  വിവിധ പ്രവാസി കൂട്ടാ‌യ്‌മകൾ ആഘോഷ പരിപാടികളിൽ പങ്കുചേരുന്ന കാഴ്‌ച‌യും  പരിപാടികൾക്ക് മാറ്റു കൂട്ടുന്നുണ്ട്. ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു വ്യപാര സ്ഥാപനങ്ങളും ആഘോഷങ്ങളിൽ ഭാഗമായിട്ടുണ്ട്. ഇതേ സമയം, ആഘോഷ പരിപാടികൾ അതിരു വിടാതിരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.


പ്രധാന വാർത്തകൾ
 Top