25 May Monday

നോർക്കയുടെ ഇടപെടലിൽ നാട്ടിലെത്തിയ വിനീത അമ്മയായി; നന്ദിയോടെ കുടുംബം

കെ എൽ ഗോപിUpdated: Saturday May 23, 2020

ദുബായ് > വിമാനയാത്ര ഏഴാം മാസത്തിൽ നടത്തണം. അതുകഴിഞ്ഞാൽ അനുമതി ലഭിക്കുകയില്ല. എന്നാൽ കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ പൂർണഗർഭിണിയായ വിനീതയ്ക്ക് നാട്ടിലേക്കുള്ള യാത്രാനുമതി ലഭിച്ചത് പ്രസവത്തിന് വെറും ഒരാഴ്ച മുൻപു മാത്രം.  ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ  രജിസ്റ്റർ ചെയ്ത് കാത്തിരുന്ന വിനീതയ്ക്ക് യാത്രക്കുള്ള അനുമതി ലഭിക്കാതെ ആയപ്പോഴാണ്  അവസാന നിമിഷത്തിൽ ദുബായിലെ സാംസ്‌കാരിക സംഘടനയായ ഓർമ്മയിലെ പ്രവർത്തകർ വഴി വിനീതയുടെ വിവരം  നോർക്ക ഹെൽപ് ഡെസ്‌കിലെത്തുന്നത്. നോർക്ക ഡയറക്ടർ ഒ വി മുസ്തഫ  ഈ വിഷയം കോൺസൽ ജനറലിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരികയും, അടിയന്തരമായ ഇടപെടലുകളിലൂടെ വിനീതയെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. മെയ് 11 ന് നാട്ടിലെത്തിയ ശേഷം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വിനീത ഒരാഴ്ചക്കകം സിസേറിയനിലൂടെ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി.  

നോർക്കയുടെ സമയോചിതമായ ഇടപെടലുകളും കേരള സർക്കാരിന്റെ പ്രത്യേക പരിചരണവും ഈ കുടുംബത്തിന് തുണയായി. വിദേശരാജ്യങ്ങളിൽ ചില മലയാളികൾ കേരളത്തെക്കുറിച്ച് പറഞ്ഞിരുന്ന എല്ലാ ദുഷ്പ്രചരണങ്ങളും തെറ്റാണ് എന്ന് തെളിയിക്കുന്നതാണ് തൻറെ ജീവിതത്തിലെ അനുഭവമെന്ന് സന്തോഷ് പ്രതികരിച്ചു. നാട്ടിലെത്തുന്ന എല്ലാ പ്രവാസികൾക്കും  മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാർ പ്രത്യേക താല്പര്യമാണ് കാണിക്കുന്നതെന്നും, എല്ലാ പ്രവാസികളോടും സർക്കാർ കാണിക്കുന്ന ഈ കരുതൽ കേട്ടുകേൾവി ഇല്ലാത്തതാണെന്നും സന്തോഷ് പറഞ്ഞു. സർക്കാരിൻറെ ഈ പ്രവർത്തന മികവിൽ ആകൃഷ്ടനായ സന്തോഷ്  കോവിഡ് ബാധിതരെ സഹായിക്കുന്നതിന് ഒരു കൈത്താങ്ങായി ഇനിയുള്ള നാളുകളിൽ പ്രവർത്തിക്കുമെന്നും  അറിയിച്ചു.

കോവിഡ് കാലത്തെ സർക്കാരിൻറെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന മറ്റൊരു  മാതൃകാപരമായ പ്രവർത്തനത്തിലൂടെ സന്തോഷ് ഇതിനു മുൻപ് ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1000 രൂപ സംഭാവന നൽകുന്നവരുടെ ഫോട്ടോ വരച്ചു കൊടുത്തുകൊണ്ട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ  സന്തോഷ് നടത്തിയ ക്യാമ്പയിൻ വൻ ശ്രദ്ധ നേടിയിരുന്നു. ഇതിലൂടെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിക്കാനാണ് സന്തോഷിന്റെ ലക്ഷ്യം.  തന്റെ ജോലി സമയം കഴിഞ്ഞ് മുഴുവൻ നേരവും ചിത്രങ്ങൾ വരയ്ക്കുന്ന തിരക്കിലാണ് സന്തോഷിപ്പോൾ. 

അർഹരായ ആയിരങ്ങളാണ് നാട്ടിലേക്കെത്താൻ കഴിയാതെ ഇപ്പോഴും വിദേശ രാജ്യങ്ങളിൽ കാത്തുകിടക്കുന്നത്. ഇതിൽ രോഗബാധിതരായ നിരവധി ആളുകളും പെടും. മക്കളെ കാണുവാനായി ഒരു മാസക്കാലത്തേയ്ക്കായി ഇവിടെ എത്തിയവർക്ക് ഇപ്പോഴും നാട്ടിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. ഇവരിൽ പലരും ഹൃദയശസ്ത്രക്രിയക്കു ശേഷമുള്ള  ചികിത്സ തേടുന്നവരാണ്.  നാട്ടിലെത്താനാകാത്തതു മൂലം ഇവരുടെ ചികിത്സ നിന്നു പോയിരിക്കുകയാണ്. അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന ഭാര്യയെ കാണുന്നതിനുവേണ്ടി എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന കോഴിക്കോട് സ്വദേശി രാജന് ഭാര്യ മരിച്ചിട്ടും നാട്ടിലെത്താനായില്ല. നിരവധി തവണ അഭ്യർത്ഥനകൾ നടത്തിയിട്ടും യാത്രയ്ക്കുള്ള അവസരം ലഭിച്ചില്ല. മൂന്നു ദിവസം കഴിഞ്ഞപ്പോൾ രാജന് ഭാര്യയെ എന്നെന്നേക്കുമായി നഷ്ടമായി. ഭാര്യ മരിച്ചതോടെ നാട്ടിലേക്കുള്ള യാത്ര രാജൻ ഉപേക്ഷിച്ചു. ഇന്ത്യൻ എംബസിയുടെ യാത്ര അനുമതിക്കുള്ള ഊഴവും കാത്ത് പതിനായിരങ്ങളാണ് ഇപ്പോഴും ഇവിടെ കഴിയുന്നത്. നിലവിലെ സാഹചര്യത്തിൽ പലർക്കും ജോലി നഷ്ടപ്പെട്ടതിനാൽ യുഎഇ യിൽ കുടുംബമായി ജീവിക്കുന്ന മലയാളികൾ പലരും കടുത്ത ദുരിതത്തിലാണ്. 


പ്രധാന വാർത്തകൾ
 Top