25 August Sunday

അസത്യങ്ങൾ ജനിക്കുന്നത് അപരവിദ്വേഷത്തിൽ നിന്ന്: കെ പി രാമനുണ്ണി

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന സെമിനാറിൽ കെ. പി. രാമനുണ്ണി സംസാരിക്കുന്നു

അബുദാബി> അന്യനോടുള്ള വിദ്വേഷങ്ങളാണ്  അസത്യങ്ങളായി സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നും    സത്യാനന്തര സമൂഹത്തിന്റെ സ്വഭാവം തന്നെ അന്യനോടുള്ള വിദ്വേഷവും അസത്യങ്ങളോടുള്ള ആഭിമുഖ്യവുമാണെന്നും പ്രശസ്ത സാഹിത്യകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ. പി രാമനുണ്ണി അഭിപ്രായപ്പെട്ടു.

അബുദാബി കേരള സോഷ്യൽ സെന്ററും  ശക്തി തിയറ്റേഴ്‌സും സംയുക്തമായി  സംഘടിപ്പിച്ച 'സത്യാനന്തര കാലം- സംസ്കാരവും സാഹിത്യവും' എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സത്യാനന്തര കാലം ഉത്പാദിപ്പിക്കുന്നത് കളവുകളെയാണ് . കളവ് മുഴുവൻ ജനിക്കുന്നത് അപരവിദ്വേഷത്തിൽ നിന്നുമുണ്ടാകുന്ന വികാരത്തിൽ നിന്നാണ്. ഫൈനാൻസ് ക്യാപിറ്റലിസത്തിന്റെ പ്രതിസന്ധി സത്യത്തിനോടുള്ള വിരോധവും അസത്യത്തിനോടുള്ള ആഭിമുഖ്യവും വരുത്തിത്തീർത്തു.  മറ്റുള്ളവരെ ചൂഷണം ചെയ്യുകയും അടക്കി വാഴുകയും ചെയ്യുന്ന തരത്തിൽ ഫൈനാസ് കാപ്പിറ്റലിസം മാറിയിരിക്കുന്നു.

ലോകത്ത് ഒരു അപരനെ കണ്ടെത്തുക അതുവഴി അപരവിദ്വേഷം ജനിപ്പിക്കുക എന്നതാണ് സത്യാന്തര കാലത്തിന്റെ പ്രത്യേകത. സാമ്രാജ്യത്വ ശക്തികളും ലോകത്ത് ഇത് തന്നെയാണ് പയറ്റിപ്പോരുന്നത്. ഇന്ത്യാ രാജ്യത്തിന്റെ ചരിത്രം ഹിന്ദു മുസ്ലിം സംഘട്ടനത്തിന്റേതാണെന്നാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം പ്രചരിപ്പിച്ചിരുന്നത്. അത് തന്നെയാണ് ഫാസിസ്റ്റ് ശക്തികൾ ഇന്തയയിൽ പരീക്ഷിക്കുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

കേരള സോഷ്യൽ   സെന്റർ പ്രസിഡണ്ട് എ. കെ ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി കെ. പി. രാമനുണ്ണിയെ പീച്ചേണ്ടിനു പകരം പുസ്തകം നൽകി സ്വീകരിച്ചു.ശക്തി തിയറ്റേഴ്‌സ്  ജനറൽ സെക്രട്ടറി  കെ. വി ബഷീർ സ്വാഗതവും കേരള സോഷ്യൽ  സെന്റർ ജോയിൻ സെക്രെട്ടറി നിർമൽ തോമസ് നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top