20 February Wednesday

ഇന്ത്യൻ സ്‌കൂൾ മെഗാഫെയറിനു വർണാഭമായ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Dec 21, 2018


മനാമ> ഇന്ത്യൻ സ്കൂൾ മെഗാഫെയറിനു ഇസ ടൌണിൽ സ്കൂൾ  ഗ്രൗണ്ടിൽ വർണാഭമായ തുടക്കം. വ്യാഴാഴ്ച വൈകീട്ട്  മെഗാഫെയറുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വിനോദ പരിപാടികൾ കാണാൻ ആയിരക്കണക്കിന് സന്ദർശകർ എത്തിച്ചേർന്നു. മുഖ്യതിഥി  ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ  രണ്ടു ദിവസം നീളുന്ന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ   പ്രിൻസ് എസ് നടരാജൻ, സംഘാടക സമിതി  ജനറൽ കൺവീനർ എസ് ഇനയദുള്ള, സ്‌കൂൾ സെക്രട്ടറി സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി , പമേല സേവ്യർ ,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനൊപ്പം അവരുടെ സർവ്വതോൻമുഖമായ വ്യക്തിത്വ വികാസത്തിനും ഇന്ത്യൻ സ്‌കൂൾ ഊന്നൽ നൽകുന്നതായി അംബാസഡർ പറഞ്ഞു.

 പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു.  ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ വിജയം  സ്‌കൂളിന് ലഭിക്കുന്ന ജനകീയ പിന്തുണയുടെ സൂചകമാണെന്നു പ്രിൻസ് എസ് നടരാജൻ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.    സംഘാടക സമിതി  ജനറൽ കൺവീനർ എസ് ഇനയദുള്ള മെഗാ ഫെയർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു.

സ്‌കൂൾ  വൈസ് ചെയർമാൻ ജയഫർ മൈദാനി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  അഡ്വ. ബിനു മണ്ണിൽ വറുഗീസ് , മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, അധ്യാപക പ്രതിനിധി  ജോൺസൺ കെ. ദേവസ്സി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കുകൊണ്ടു.ബഹറിൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും ട്രാഫിക് ഡയറക്ടറേറ്റിൽ നിന്നുമുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ്, ഗായത്രി, സഞ്ജിത് സലാം എന്നിവരുടെ സംഗീത പരിപാടികളായിരുന്നു  വ്യാഴാഴ്ചത്തെ പ്രധാന ആകർഷണം. റിഫ കാമ്പസ് വിദ്യാർത്ഥികളും ഇസ ടൌൺ കാമ്പസ് വിദ്യാർത്ഥികളും  അവിസ്മരണീയമായ സിനിമാറ്റിക്, നാടോടി അറബിക് നൃത്തങ്ങൾ അവതരിപ്പിച്ചു. അധ്യാപക, വിദ്യാർത്ഥികൾ, മാതാപിതാക്കൾ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ മേള വിജയിപ്പിക്കാൻ  ഇന്ത്യൻ സ്കൂളുമായി സജീവമായി സഹകരിച്ചു വരുന്നു .

പ്രശസ്ത ഗായിക  പ്രിയങ്ക നെഗിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയാണ് വെള്ളിയാഴ്ച  വൈകീട്ട് നടക്കുക .  വൈകുന്നേരം 6 മണി മുതൽ 11 മണി വരെയാണ്  പരിപാടി നടക്കുക . മെഗാ ഫെയറിനുള്ള എൻട്രി ടിക്കറ്റിനു രണ്ടു ദിനാറാണ് . റാഫിൾ ഡ്രോയിൽ ജേതാവിനു  സയാനി മോട്ടോഴ്സ് സ്പോൺസർ ചെയ്യുന്ന മിത്സുബിഷി കാർ  സമ്മാനമായി ലഭിക്കും . മെഗാഫെയറിൽ നിന്നുള്ള വരുമാനം സ്കൂളിൽ നിന്നുള്ള ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കും അധ്യാപകരുടെ ക്ഷേമത്തിനും  പ്രധാനമായും ഉപയോഗിക്കും. കഴിഞ്ഞ വർഷം മെഗാ ഫെയറിൽ നിന്നുള്ള തുക   800 വിദ്യാർത്ഥികൾക്ക്  പഠന സഹായം നൽകാൻ ഉപയോഗിച്ചിരുന്നു .  ഇത്തവണത്തെ മേളയോട് അനുബന്ധിച്ച ഫോട്ടോഗ്രാഫി മത്സര വിജയികളെ മെഗാ ഫെയർ ഫിനാലെയിൽ വെള്ളിയാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും.

ഇന്ത്യൻ സ്കൂൾ മേളയ്ക്ക് വിശാലമായ പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്കൂളിനടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.  സ്കൂൾ കാമ്പസുകളിൽ നിന്ന് ഷട്ടിൽ ബസ് സർവീസ് സ്റ്റേഡിയത്തിലേക്ക് ലഭ്യമാണ്. മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പാചകരുചികൾ അനുഭവിക്കാൻ അവസരം നൽകുന്നു.


പ്രധാന വാർത്തകൾ
 Top