13 November Wednesday

സൗദിയില്‍ തൊഴിലിടങ്ങളിലെ പെരുമാറ്റച്ചട്ടം ഇന്നുമുതല്‍

അനസ് യാസിൻUpdated: Monday Oct 21, 2019

മനാമ > സൗദിയിൽ ജോലിസ്ഥലത്ത് വ്യക്തിയുടെ അന്തസ്സും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന നിയമം തിങ്കളാഴ്ച നിലവിൽ വരും. അതിക്രമങ്ങൾക്ക് സഹായിക്കുന്നതും കേസുകൾ മൂടിവയ്‌ക്കുന്നതും കുറ്റകരമാണെന്ന് തൊഴിൽ, സാമൂഹ്യവികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

പുതിയ നിയമത്തിന് മൂന്നിനാണ്  മന്ത്രി അംഗീകാരം നൽകിയത്. സ്വകാര്യമേഖലയിൽ സുരക്ഷിതമായ തൊഴിൽസാഹചര്യത്തിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് മന്ത്രാലയവക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

തൊഴിലാളികൾക്ക്‌ പരാതികൾ നൽകാൻ ഇ -മെയിൽ അടക്കമുള്ള  സംവിധാനങ്ങൾ സ്ഥാപനങ്ങൾ ഏർപ്പെടുത്തണം. പരാതി അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 15,000 റിയാൽ പിഴ ചുമത്തും. പരാതികളിൽ അഞ്ചു പ്രവൃത്തി ദിവസത്തിനകം അന്വേഷണം നടത്താതിരിക്കുകയും കുറ്റക്കാർക്കെതിരെ അച്ചടക്കനടപടികൾ നിർദേശിക്കാതിരിക്കുകയും ചെയ്താൽ 25,000 റിയാൽ പിഴ ചുമത്തും. പരാതിക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങൾക്ക് പിഴ ഇരട്ടിയാകും. കുറ്റക്കാരായ ജീവനക്കാർക്കെതിരെ  പിരിച്ചുവിടൽവരെയുള്ള  നടപടികൾ സ്വീകരിക്കും.
ജോലിയുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങൾ, വേഷം മാറുന്ന സ്ഥലങ്ങൾ, വിശ്രമസ്ഥലങ്ങൾ എന്നിവിടങ്ങളിലെയും ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര, ജോലിയുമായി ബന്ധപ്പെട്ട പരിശീലനത്തിനും മറ്റും പങ്കെടുക്കുന്നതിനുള്ള യാത്രകൾക്കിടയിലെയും അതിക്രമങ്ങളും മോശം പെരുമാറ്റങ്ങളും,  നിയമത്തിന്റെ പരിധിയിൽ വരും.

വ്യക്തിക്കും കുടുംബത്തിനുമെതിരായ നിന്ദ്യമായ വാക്കുകൾ, പ്രവൃത്തികൾ, മോശം പെരുമാറ്റം, ലൈംഗിക ച്ചുവയോടെയുള്ള പെരുമാറ്റം, ശാരീരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ ഉപദ്രവമുണ്ടാക്കൽ എന്നിവയും പീഡനത്തിന്റെ പരിധിയിൽ വരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top