17 June Monday

ജിദ്ദ ടിസിഎഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പത്താം എഡിഷൻ മാർച്ച് ഒന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 21, 2019

ടിസിഎഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനം

ജിദ്ദ > ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ വരവേൽകാറുള്ള ടിസിഎഫ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പത്താം എഡിഷൻ മാർച്ച് ഒന്നിന് ആരംഭിക്കും. 2009 ൽ പ്രാദേശികളായ തലശ്ശേരിയിലെ ഒരു കൂട്ടം ചെറുപ്പാക്കാർ ചേർന്ന് രൂപം നൽകിയ ടിസിഎഫ് അഥവാ റ്റെലിച്ചെറി ക്രിക്കറ്റ് ഫോറം ആണ് ജിദ്ദയിൽ ആദ്യമായി ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിച്ചത്. മികച്ച സംഘടനാ പാടവത്തിലും സാങ്കേതിക മികവിലും അതിലേറെ ജനപ്രാതിനിത്യത്തോടെ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജിദ്ദയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായാണ് അറിയപ്പെടുന്നത്.

മാർച്ച് ഒന്നിന് ആരംഭിച്ച് തുടർച്ചയായ അഞ്ചു വാരാന്ത്യങ്ങളിലെ വെള്ളി,ശനി ദിവസ്സങ്ങളിൽ 6 മണി മുതൽ 11 മണി വരെ ആണ് മത്സരങ്ങൾ നടക്കുക. ലീഗ് റൗണ്ടിലെ 18 മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഉൾപ്പടെ 21 മത്സരങ്ങൾ ഉണ്ടാകും. ടൂർണമെന്റിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ പങ്കെടുക്കും. പന്ത്രണ്ട് ടീമുകളെ നാല് ഗ്രൂപ്പുകളിലായി തിരിക്കും. ഓരോ ടീമിനും പ്രാഥമിക റൌണ്ടിൽ മൂന്ന് മത്സരങ്ങൾ വീതം ഉണ്ടാവും. ഗ്രൂപ്പ്‌ എയിലെ ടീമുകൾ ബി ഗ്രൂപ്പിലെ ടീമുമായും ഗ്രൂപ്പ്‌ സിയിലെ ടീമുകൾ ഗ്രൂപ് ഡീയിലെ ടീമുമായും മത്സരിക്കും ഇരു ഗ്രൂപ്പുകളിൽ നിന്നും മികച്ച രണ്ടു ടീമുകൾ വീതം സെമി ഫൈനൽ കളിക്കാൻ യോഗ്യത നേടും. മാർച്ച്‌ 29 നു നടക്കുന്ന കലാശകൊട്ടോടെ ടൂർണമെന്റിനു തിരശ്ചീല വീഴും. സിത്തീൻ റോഡിലെ അൽ വഹ ഹോട്ടലിനടുത്തുള്ള ബിടിഎം ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുക.

എഫ്എസ്എൻ മുഖ്യ പ്രായോജകരായ ടൂർണമെന്റിന്റെ സഹ പ്രായോജകർ ബൂപ അറേബ്യ, കൂൾ ഡിസൈൻ, താമിർ, പ്രൈം എക്‌സ്‌പ്രസ്സ്, എസ്സെൻഷ്യ ഡയബറ്റിക് കെയർ, അബീർ ഉംറ സർവീസ് എന്നിവർ ആണ്. പത്താം എഡിഷൻ ടൂർണമെന്റിൽ ജിദ്ദയിലെ 12 മികച്ച ക്ലബുകൾ പങ്കെടുക്കും. യങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്, ടൈമാക്‌സ് കെകെആർ, അൽ മാക്‌സ്, വാരിയേഴ്‌സ്, മൈഓൺ കെപിഎൽ, ഫ്രൈഡേ സ്റ്റാലിയൻസ്, നെസ്‌മ എയർലൈൻ ക്രിക്കറ്റ് ക്ലബ്, ടസ്‌കേഴ്‌സ്, കയാനി ഇലവൻ, റോയൽ ഫൈറ്റർ, താമിർ എന്നീ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

എഫ്എസ്എൻ ചാമ്പ്യൻസ് ട്രോഫിയും, വിജയികൾക്കുള്ള ടീസീഎഫ് പത്താം വാർഷിക പ്രത്യേക കപ്പും, ടീസീഎഫ് റണ്ണർ-അപ്പിനുള്ള കപ്പും, കൂടാതെ ഓരോ കളിയിലെ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ്, ബെസ്റ്റ് ബറ്റ്സ്‌മാൻ, ബെസ്റ്റ് ബൌളർ, ബെസ്റ്റ് ഫീൽഡർ, ബെസ്റ്റ് ഓൾറൌണ്ടർ, ഫാസ്റ്റസ്റ് ഫിഫ്‌റ്റി എന്നീ സമ്മാനങ്ങളും, കൂടാതെ, ബൂപ അറേബ്യ സ്‌പിരിറ്റ് ഓഫ് ദി ഗെയിം അവാർഡും സമ്മാനിക്കുന്നതായിരുക്കും. മത്സര ഇടവേളകളിൽ കാണികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ അരങ്ങേറും. കാണികള്‍ക്ക് രജിസ്‌ട്രേ‌ഷന് വേണ്ടി പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്‌ത കാണികളില്‍ നിന്ന് നറുക്കെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഫൈനല്‍ ദിവസം നല്‍കുന്നതായിരിക്കും. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർക്ക് അൽ ഫാരിസ് ട്രാവൽസും അലി റെസ ട്രാവൽസും നൽകുന്ന എയർ ടിക്കറ്റും സമ്മാനിക്കും.

ഉദ്‌ഘാടന ദിവസം മുഴുവന്‍ ടീം അംഗങ്ങളും പങ്കെടുക്കുന്ന വിപുലമായ പരിപാടികള്‍ ഉണ്ടായിരിക്കും. ടീമുകളുടെ പേരും ലോഗോയും ആലേഖനം ചെയ്‌ത പതാകയുമായി ടിസിഎഫ് കുരുന്നുകള്‍ ഉദ്‌ഘാടന പരിപാടികള്‍ വര്‍ണ്ണാഭമാക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകളും ചിത്രങ്ങളും സ്‌റ്റേഡിയത്തില്‍ നിന്നുതന്നെ അയക്കാന്‍ കഴിയുന്ന രീതിയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക മീഡിയാ സൗകര്യം ഉണ്ടാകും. ടൂര്‍ണമെന്റിന്റെ മുഴുവന്‍ വാര്‍ത്തകളും ചിത്രങ്ങളും ലൈവ് സ്‌കോർ എന്നിവ ടിസിഎഫിന്റെ ഫേസ്ബുക്ക്‌ പേജിൽ പ്രസിദ്ധീകരിക്കും. ടൂർണമെന്റ് മുഴുവൻ ലൈവ് ടെലികാസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ടിസിഎഫ് പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ഷഹനാദ് വിശദീകരിച്ചു. സെക്രട്ടറി സഫീൽ ബക്കർ ടൂർണമെന്റിൽ സഹകരിക്കുന്ന സ്‌പോൺസർമാരെ പരിചയപ്പെടുത്തി. ടൂർണമെന്റ് ഘടനയെ കുറിച്ച് കൺവീനർ റിയാസ് ടിവി സംസാരിച്ചു. ഷംസീർ ഒളിയാട്ട് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തി. മീഡിയ കോർഡിനെറ്റർ അബ്‌ദുൽ കാദർ മോച്ചേരി നന്ദി പറഞ്ഞു. സ്‌പോൺസർമാരെ പ്രതിനിധീകരിച്ച് അമർ ഖാലിദ് (എസ്സെൻഷ്യ ഡയബറ്റിക് കെയർ), രിഫാസ് കെ.എം (ബൂപ), റീഹാൻ ബക്കർ (കൂൾ ഡിസൈൻ), ഫിറോസ് (താമിർ) എന്നിവർ പങ്കെടുത്തു.  ടിസിഎഫ് നിർവാഹക സമിതി അംഗങ്ങളായ തൻസീം കെഎം, റാസിഖ് വിപി അജ്‌മൽ നസീർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top