19 June Wednesday

കുവൈറ്റിന്‌ വേണ്ടി എൻബിടിസിയുടെ മാരത്തോൺ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

കുവൈറ്റ്‌ > കുവൈറ്റ് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എൻബിടിസി ഗ്രൂപ്പ് എല്ലാവർഷവും നടത്തുന്ന "വിൻറ്റർ കാർണിവൽ-2019' ഫെബ്രുവരി25-ന്‌ വിപുലമായ പരിപാടികളോടെ എൻബിടിസി കോർപ്പറേറ്റ് ഓഫീസ് അങ്കണത്തിൽ സംഘടിപ്പിക്കും. കാർണിവലിന്റെ ഭാഗമായി 250 ഓളം ജീവനക്കാർ പങ്കെടുക്കുന്ന മാരത്തോൺ മത്സരവും സംഘടിപ്പിക്കും. എൻബിടിസിയുടെ എംഏബി ക്യാമ്പ് മുതൽ കോർപ്പറേറ്റ് ഓഫീസ്‌വരെയാകും മാരത്തോൺ സംഘടിപ്പിക്കുക. ഇന്ത്യയ്‌ക്ക്‌ വേ‌‌ണ്ടി ആദ്യമായി ഒളിമ്പിക്‌സ്‌ മെ‌ഡൽ നേടിക്കൊടുത്ത പ്രശസ്‌ത കായികതാരം പത്മശ്രീ അഞ്ചു ബോബി ജോർജ് മാരത്തോൺ മത്സരം ഫ്ലാഗ് ഓഫ് ചെയ്യും.

എൻബിടിസി ഗ്രൂപ്പിന്റെ 'ഹോം ഫോർ ഹോം ലെസ്സ്' പദ്ധതിയിലൂടെ അർഹരായ 25 ജീവനക്കാർക്ക് ഈ വർഷവും സൗജന്യമായി വീടുകൾവെച്ച് നൽകും. ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു‌വ‌ർഷങ്ങളിലായി 53 വീടുകളും എൻബിടിസി നൽകിയിരുന്നു. എൻബിടിസി ചെയർമാൻ മുഹമ്മദ്എൻ. അൽ-ബദ്ദ,  മാനേജിംഗ് ഡയറക്‌ടർ കെ ജി എബ്രഹാം, കെഒസി, കെഎൻപിസി, ‌തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരിക്കും.

വിൻറ്റർ കാർണിവൽ- 2019-ന്റെ ഭാഗമായി പ്രശസ്‌ത പിന്നണി ഗായകരായ വിധു പ്രതാപ്, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവർ ഉൾപ്പെട്ട അമൃതംഗമയ മ്യൂസിക് ബാൻഡ്, എൻബിടിസിയുടെ ഡെസെർട്ട് തണ്ടർ മ്യൂസിക് ബാൻഡ്, എൻബിടിസി കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവ അരങ്ങേറും. ഫിലിപ്പൈൻസ്, ഈജിപ്‌ത്, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യത്യസ്‌തമായ ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തിയ നിരവധി ഭക്ഷണശാലകളും സജ്ജമാക്കും. ഒരു പകൽ നീണ്ടു നിൽക്കുന്ന വിവിധ കലാപരിപാടികളും, എൻബിടിസിയുടെ കലാ-കായിക മേളകളിൽ വിജയികൾക്കുള്ള അവാർഡ്‌ വിതരണവും ഉണ്ടാകും.


പ്രധാന വാർത്തകൾ
 Top