മനാമ> ഷാര്‍ജയില്‍ ആദ്യ ഭാര്യയെ കൊന്ന് വീട്ടില്‍ കുഴിച്ചു മൂടിയ കേസില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യക്കും വധ ശിക്ഷ. പ്രതികളുടെ അഭാവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഷാര്‍ജ പൊലിസ് ഇന്റര്‍പോള്‍ സഹായം തേടി.
മരിച്ച യുവതിയുടെ ബന്ധുക്കള്‍ ദിയാധനം (ബ്ലഡ് മണി) സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. 2018 ഏപ്രിലില്‍ ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയായ മൈസലൂണിലായിരുന്നു സംഭവം.
കേസിലെ പ്രതിയായ ഇന്ത്യന്‍ യുവാവ് രണ്ടാം ഭാര്യയുടെ സഹായത്തോടെ ആദ്യ ഭാര്യയായ മുപ്പത്തിയാറുകാരിയെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയ ശേഷം കുട്ടികളുമായി നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് കേസ്.
മരിച്ച യുവതിയുടെ സഹോദരന് ഏപ്രില്‍ ഒന്‍പതിന് പൊലിസിന് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. യുവാവ് ഇന്ത്യയില്‍നിന്നും സഹോദരിയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് ഷാര്‍ജയില്‍ വന്ന് യുവതി താമസിച്ച വീട്ടിലും പരിസരങ്ങ്ളിലും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.
പൊലിസ് പരിശോധനയില്‍ വീട്ടിലെ ചില ടൈല്‍സുകള്‍ ഇളകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നായയുടെ സഹായം തേടി. തറയിലെ ടൈല്‍സ് മാറ്റി കുഴിച്ചിട്ട നിലയിരുന്നു മൃതദേഹം കണ്ടെടുത്തത്. അഴുകിയ നലായിരുന്ന മൃതദേഹത്തില്‍ കുത്തേറ്റ നിരവധി പാടുകളുണ്ട്. ഫോറന്‍സിക് പരിശോധനയിലാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്.
സംഭവശേഷം വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് തൂക്കിയാണ് ആദ്യ ഭര്‍ത്താവ് ഇന്ത്യയിലേക്ക് കടന്നത്. ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.