17 October Thursday

അരങ്ങുണര്‍ത്തി അമ്മ; കണ്ണും മനവുമേകി ബഹ്‌റൈന്‍ പ്രേക്ഷകര്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മനാമ> മാക്‌സിം ഗോര്‍ക്കിയുടെ ലോക പ്രശസ്ത കൃതി രംഗ ഭാഷ്യം ഉള്‍ക്കൊണ്ടപ്പോള്‍ ബഹ്‌റൈന്‍ നാടകാസ്വദകര്‍ക്ക് ലഭിച്ചത് സര്‍ഗധന്യതയുടെ അപാരമായ കാഴ്ച.  വെള്ളിയാഴ്ച ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ബഹ്റൈന്‍ പ്രതിഭയാണ് ഗോര്‍ക്കിയുടെ 'അമ്മ' അരങ്ങിലെത്തിച്ചത്. നൂറോളം കലാകാരന്മാര്‍ അണിനിരന്ന നാടകം അവതരണത്തിലെ പുതുമകൊണ്ടും ആവിഷ്‌ക്കാര വൈവിധ്യത്താലും കാണികളുടെ കണ്ണും മനവും കവര്‍ന്നു.
റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടി എന്ന് അറിയപ്പെടുന്ന 'അമ്മ' നോവലിന്റെ രംഗപടമൊരുക്കിയത് സമാജത്തിലെ തിങ്ങി നിറഞ്ഞ സദസിനു മുന്നിലായിരുന്നു. എല്ലാ ആധുനിക സാങ്കേതിക വിദ്യകളും നാടകത്തിലുടനീളം പ്രയോജനപ്പെടുത്തി. കാലവും സന്ദര്‍ഭവും പ്രതീകാത്മകമായി സ്റ്റേജില്‍ അടയാളപ്പെടുത്തി. രണ്ടര മണിക്കൂര്‍ ണീണ്ട നാടകം പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടിരുന്നു. അമ്മയായി അഭിനയിച്ച സാവിത്രിയും മകനും വിപ്ലവകാരിയുമായ പാവേല്‍ എന്ന കഥാപാത്രമായി അഭിനയിച്ച ശിവകുമാര്‍ കുളത്തൂപ്പുഴയും മറ്റു അഭിനേതാക്കളും അതുല്യതയുടെ അഭിനയ മികവിലൂടെ തങ്ങളുടെ വേഷങ്ങള്‍ അര്‍ഥപൂര്‍ണമാക്കി. രണ്ടായിരത്തിലധികം പ്രേക്ഷകരും ബഹ്റൈന്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പ്രതിഭ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും അടങ്ങിയ വിപുലമായ സദസ്സ് അമ്മയെ ഏറ്റുവാങ്ങകയായിരുന്നു.
ഫാക്ടറി, തെരുവ്, ജയില്‍, ട്രെയിന്‍, വീട്, കോടതി തുടങ്ങിയവ വര്‍ണരാജി വിടര്‍ത്തിയ പ്രകാശ സംവിധാനത്തിന്റെ അകമ്പടിയില്‍ അവതരിപ്പിച്ചത് കാണികള്‍കസ്‌ക് വിസ്മയ കാഴ്ചയായി. വര്‍ഗ ചൂഷണം വെളിവാക്കി തൊഴിലാളി വര്‍ഗത്തിന്റെ ഐക്യം ആഹ്വാനം ചെയ്താണ് നാടകം അവസാനിച്ചത്. വിപ്ലവ പ്രവര്‍ത്തനത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട മകന്റെ ദൗത്യം ആവേശപൂര്‍വം അമ്മ ഏറ്റെടുക്കുമ്പോള്‍ നാടകത്തിനു തിരശീല വീണു.
പ്രതിഭാ സെക്രെട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ, ജനറല്‍ കണ്‍വീനര്‍ എന്‍കെ വീരമണി എന്നിവരുടെ സാനിധ്യത്തില്‍ സംഘടക സമിതി ചെയര്‍മാന്‍ പി ശ്രീജിത്ത് നാടക ആരംഭ പ്രഖ്യാപനം നടത്തി. പ്രതിഭാ സ്വരലയ അവതരിപ്പിച്ച അനശ്വര നാടക ഗാനങ്ങളുടെ അവതരണവും നാടകത്തിനു മുന്നോടിയായി നടന്നു. പ്രമുഖ നാടകപ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടങ്കരി നാടകാവിഷ്‌കാരവും പിഎന്‍ മോഹന്‍രാജ് സംവിധാനവും നിര്‍വഹിച്ചു. പ്രതിഭാ അംഗങ്ങള്‍ മാത്രമാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത്. നാടകം വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ബഹ്റൈന്‍ പ്രതിഭാ അഭിവാദ്യം ചെയ്തു.

 


പ്രധാന വാർത്തകൾ
 Top