04 July Saturday

തെരഞ്ഞെടുപ്പ‌് മുദ്രാവാക്യങ്ങൾ; വികസനം വഴിമാറി തീവ്രദേശീയതയിലേക്ക‌്

എം അഖിൽUpdated: Friday May 17, 2019

ന്യൂഡൽഹി> വികസനവും നീതിയും വാഗ‌്ദാനം ചെയ്യുന്ന മുദ്രാവാക്യങ്ങളെ രാജ്യസുരക്ഷയും തീവ്രദേശീയതയും കീഴടക്കിയെന്നതാണ‌് ഇത്തവണത്തെ തെരഞ്ഞെടുപ്പ‌ു പ്രചാരണത്തിന്റെ സവിശേഷത. ജനകീയപ്രശ‌്നങ്ങളെ തമസ‌്കരിക്കാൻ വിദ്വേഷപ്രചാരണവും പോർവിളിയും അധിക്ഷേപങ്ങളും ബിജെപി പരിചയാക്കിയതോടെ പ്രചാരണം സംഭവബഹുലമായി.
 
ആദ്യ മുദ്രാവാക്യങ്ങൾ
മോഡി സർക്കാരിന‌് ഒരവസരംകൂടി നൽകണമെന്ന‌് അപേക്ഷിക്കുന്ന ‘ഫിർ ഏക‌് ബാർ മോഡി സർക്കാർ’ (ഒരവസരംകൂടി മോഡി സർക്കാരിന‌്) ആയിരുന്നു ആദ്യഘട്ടത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ‌് മുദ്രാവാക്യം. 2015ൽ ബ്രിട്ടീഷ‌് പ്രധാനമന്ത്രി പദത്തിലേക്ക‌് വീണ്ടും മത്സരിച്ച ഡേവിഡ‌് കാമറൂൺ ബ്രിട്ടണിലെ ഇന്ത്യൻ വോട്ടർമാരെ ആകർഷിക്കാനായി പ്രയോഗിച്ച ‘ഫിർ ഏക‌് ബാർ കാമറൂൺ സർക്കാർ’ എന്ന മുദ്രാവാക്യത്തിന്റെ അനുകരണമായിരുന്നു ഇത‌്. ബിജെപിയെ പ്രതിരോധിക്കാൻ ‘അബ‌് ഹോഗാ ന്യായ‌്’ (ഇനി നീതിപുലരും) ആയിരുന്നു കോൺഗ്രസിന്റെ  മുദ്രാവാക്യം. സമ്പൂർണ ദാരിദ്ര്യ നിർമാർജനത്തിനെന്നപേരിൽ കോൺഗ്രസ‌് പ്രകടനപത്രികയിൽ അവതരിപ്പിച്ചിട്ടുള്ള  ‘ന്യുതം ആയ‌് യോജന’ (ന്യായ‌്) എന്ന പദ്ധതിയെ സൂചിപ്പിക്കുന്നതാണ് ഇതെന്നും കോൺഗ്രസ‌് അവകാശപ്പെടുന്നു.

പുൽവാമയും ബാലാകോട്ടും
ഫെബ്രുവരി 14ന‌ു പുൽവാമ ഭീകരാക്രമണവും 26ന‌ു ബാലാകോട്ട‌് വ്യോമാക്രമണവും സംഭവിച്ചതോടെ  മുഴുവൻ പ്രചാരണവും മാറിമറിഞ്ഞു. ഏപ്രിൽ 30 വരെ പ്രധാനമന്ത്രി പങ്കെടുത്ത 87 തെരഞ്ഞെടുപ്പ‌ു റാലികളിൽ അദ്ദേഹം പ്രധാനമായും ഉന്നയിച്ചത‌് ബാലാകോട്ടിലെ പ്രത്യാക്രമണമായിരുന്നു.  ‘അതിർത്തി മുറിച്ച‌് ശത്രുവിനെ അടിച്ചു’, ‘പുൽവാമ രക്തസാക്ഷികൾക്ക‌ു വേണ്ടി പകരം ചോദിച്ചു’, ‘പുൽവാമയിലെ രക്തസാക്ഷികൾക്കും ബാലാകോട്ടിലെ ധീരൻമാർക്കുമാകട്ടെ, നിങ്ങളുടെ കന്നിവോട്ട‌്’ തുടങ്ങിയ വീര്യംകൂടിയ മുദ്രാവാക്യങ്ങൾ പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ‌ു വേദികളിൽ ആവർത്തിച്ചു.

തൊഴിലില്ലായ‌്മ, സാമ്പത്തികവളർച്ച ഇടിവ‌്, കർഷകദുരിതം, ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ അതിക്രമം, സ‌്ത്രീസുരക്ഷ, ഭൂമിപ്രശ‌്നങ്ങൾ, ചെറുകിട–-ഇടത്തര സംരംഭങ്ങളുടെ തകർച്ച തുടങ്ങി ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ പുകമറയിലായി.
രാജീവിന്റെ രംഗപ്രവേശം ഏഴു ഘട്ടമുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന‌ു ഘട്ടം പിന്നിട്ടപ്പോൾ തന്നെ ബാലാകോട്ട‌് വിഷയത്തിൽ ഊന്നിയുള്ള പ്രചാരണം അവസാനിപ്പിക്കാൻ സമയമായെന്ന‌് ബിജെപിക്ക‌് റിപ്പോർട്ട‌് ലഭിച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ‌് തെരഞ്ഞെടുപ്പ‌ുകൂടി കണക്കിലെടുത്ത‌് മുൻ പ്രധാനമന്ത്രി രാജീവ‌്  ഗാന്ധിയെ കടന്നാക്രമിക്കാൻ തീരുമാനിച്ചു. ‘രാജീവ‌് ഗാന്ധി അഴിമതിക്കാരനായാണ‌് മരിച്ചതെ’ന്ന മോഡിയുടെ പ്രസ‌്താവന എല്ലാ സാമാന്യ മര്യാദകളെയും ലംഘിക്കുന്നതാണെന്ന ആക്ഷേപം ശക്തമായതോടെ ബിജെപിയും പ്രതിരോധത്തിലായി.

“ചൗക്കീദാർ ചോറാ’യ കഥ
തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്നുകേട്ട ‘ചൗക്കീദാർ ചോർ ഹേ’ (കാവൽക്കാരൻ കള്ളനാണ‌്) എന്ന മുദ്രാവാക്യംതന്നെ എത്രത്തോളം അലോസരപ്പെടുത്തിയെന്ന പ്രഖ്യാപനംകൂടിയായിരുന്നു പ്രധാനമന്ത്രിയുടെ ഈ വിശദീകരണം. രണ്ട‌ു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നും 15 ലക്ഷം രൂപ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും അഴിമതിക്കാർക്ക‌് ‘തിന്നാൻ കൊടുക്കില്ലെ’ന്നുമുള്ള മോഡിയുടെ അവകാശവാദങ്ങൾ ഓരോന്നും പാഴായ അവസരത്തിലാണ‌് ‘കാവൽക്കാരൻ കള്ളനാ’യത‌്.

രാജ്യത്തെ രക്ഷിക്കാൻ തെരഞ്ഞെടുപ്പിൽ കാവൽക്കാരനെ തോൽപ്പിക്കണമെന്ന‌് ആദ്യം പ്രസ‌്താവിക്കുന്നത‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ‌്. റഫേൽ ഇടപാടിലെ ക്രമക്കേടുകൾ പുറത്തുവന്നതോടെ ‘കാവൽക്കാരൻ കള്ളനാണ‌്’ എന്ന പ്രസ‌്താവന കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിക്കാൻ തുടങ്ങി. എന്നാൽ, റഫേൽ ഇടപാടുമായി ബന്ധപ്പെട്ട കോടതി വിധിവന്നശേഷം ‘കാവൽക്കാരൻ കള്ളനാണെന്ന‌് സുപ്രീംകോടതിയും കണ്ടെത്തി’ എന്ന‌് പ്രസ‌്താവിച്ചതിന്റെ പേരിൽ രാഹുലിന‌് ഖേദവും പ്രകടിപ്പിക്കേണ്ടിവന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top