24 May Friday

കലാ കുവൈറ്റ്‌ തിരഞ്ഞെടുപ്പ് കൺ‌വെൻ‌ഷനുകൾ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

കുവൈറ്റ് സിറ്റി> ഏപ്രിൽ 23 നു നടക്കുന്ന പതിനേഴാമത് ലോകസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആലപ്പുഴ, പാലക്കാട്‌, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം എന്നീ ലോകസഭ മണ്ഡലങ്ങളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺ‌വെൻഷനുകൾ സംഘടിപ്പിച്ചു.

അബ്ബാസിയ കല സെന്ററിൽ നടന്ന ആലപ്പുഴ മണ്ഡലം കൺ‌വെൻ‌ഷൻ കുവൈറ്റിലെ ഇടതുപക്ഷ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ആർ നാഗനാഥൻ ഉദ്‌ഘാടനം ചെയ്തു. കൺവെൻഷൻ സുദർശനൻ കളത്തിൽ കൺവീനറായും സാബു പീറ്റർ ചെയർമാനുമായി 21 അംഗ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. അബ്ബാസിയ ഫോക്ക് ഓഡിറ്റോറിയത്തിൽ നടന്ന പാലക്കാട് മണ്ഡലം കൺ‌വെൻഷൻ കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് ഉദ്‌ഘാടനം ചെയ്തു. കൺവെൻഷനെ ടെലി കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്ത സ്ഥാനാർത്ഥി എം ബി രാജേഷ്‌, കഴിഞ്ഞ കാലയളുവകളിൽ എംപി എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞു. കൺവെൻഷൻ കൃഷ്ണകുമാർ കൺവീനറായും അനൂപ്‌ മങ്ങാട്ട്‌ ചെയർമാനുമായുള്ള 21 അംഗ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

അബ്ബാസ്സിയ കല സെന്ററിൽ നടന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ലോകകേരള സഭ അംഗം സാം പൈനുംമൂട് ഉൽഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ‌കുന്നതിനായി സജി തോമസ് മാത്യു കൺ‌വീനറായും വിനോദ് കുമാർ ചെയർ‌മാനുമായുള്ള 25 അംഗ മണ്ഡലം കമ്മിറ്റിക്ക് കൺ‌വെൻ‌ഷൻ രൂപം നൽകി.

അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ലോകകേരള സഭ അംഗം ശ്രീംലാൽ ഉൽഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സുഗതകുമാർ (കൺ‌വീനർ), സെബാസ്റ്റ്യൻ (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയെ കൺ‌വെൻഷൻ തിരഞ്ഞെടുത്തു.

അബു ഹലീഫ കല സെന്ററിൽ വെച്ചു നടന്ന മലപ്പുറം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ആർ നാഗനാഥൻ ഉദ്‌ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി നാസർ കടലുണ്ടി (കൺ‌വീനർ), വിനോദ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റിയെ കൺ‌വെൻഷൻ തിരഞ്ഞെടുത്തു.
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് കൺ‌വെൻഷനിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്. കുവൈറ്റ് സമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ കൺ‌വെൻഷനുകളിൽ പങ്കെടുത്ത് സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top