27 February Thursday

ഏകശിലാത്മകമായ സമൂഹഘടനയ്ക്ക് ഇന്ത്യയില്‍ സാധ്യതയില്ല: സോണിയ ഷിനോയ്

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2019

അബുദാബി > ഏതെങ്കിലും ഒരു മതത്തിന്റെ പരിഗണനനകളെ മാത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോയ ചരിത്രമല്ല ഇന്ത്യക്കുള്ളതെന്നും അതുകൊണ്ട് തന്നെ ഏക ശിലാത്മകമായ സമൂഹഘടനയ്ക്ക് സാധ്യതയില്ലാത്ത ഒരു രാജ്യം തന്നെയാണ് ഇന്ത്യയെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തക സോണിയ ഷിനോയ്. മലയാളം മിഷന്‍ അബുദാബി മേഖലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കുട്ടിക്കവിയരങ്ങ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യന്‍ സമൂഹം നിലനില്‍ക്കുന്നത് അവരുടെ ബഹുസ്വരതയിലാണ്. ആ ബഹുസ്വരതയെ ചോദ്യം ചെയ്യുകയും തള്ളിക്കളയുകയും ചെയ്യുകയാണ് പൗരത്വ നിയ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍  ചെയ്തിരിക്കുന്നത്. ഒരു തരത്തിലുമുള്ള മതപരമായ വിവേചനങ്ങള്‍ അനുഭവിക്കാതെ യുഎഇ എന്ന ഏറ്റവും ബഹുസ്വരമായ ഒരു സമൂഹത്തിനുള്ളില്‍ ഇതാണ് അവരുടെ ജീവിതമെന്നു വിശ്വസിച്ച് വളര്‍ന്നു വരുന്ന കുട്ടികള്‍ തിരിച്ച് നാട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ വളരെ വിചിത്രമായ ഒരു ജീവിത രീതിയെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയിലേയ്ക്ക് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നുണ്ടോ എന്നൊരു ഭയം എല്ലാ പ്രവാസികളും അനുഭവിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യങ്ങളിലേയ്ക്ക് ഇന്ത്യന്‍ ജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥയെ പ്രതിരോധിക്കേണ്ടത് നാടിന്റെ ബഹുസര്വരതയെ കുറിച്ചും നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്പത്തെ കുറിച്ചുമുള്ള കുട്ടികളുടെ ചിന്തയെ വളര്‍ത്തിക്കൊണ്ടു തന്നെയാണ്. അവര്‍ തുടര്‍ന്ന് പറഞ്ഞു.

പ്രവാസികള്‍ നാട്ടിലേയ്ക്ക് തിരിച്ച് ചെല്ലുമ്പോള്‍ അവരെ കാത്തിരിക്കുന്ന ഭരണഭാഷ മലയാളമാണ്. അതുകൊണ്ട് മലയാളം പഠിക്കേണ്ടത് ഒരു അനിവാര്യമായി മാറിയിരിക്കുന്നു. ഗൃഹാതുരപരമായിട്ടോ കാല്പനികമായിട്ടോ വൈകാരികമായിട്ടോ ഉള്ള ആവശ്യത്തേക്കാളുപരി അത് സാങ്കേതിക വസ്തുത കൂടിയാണ്. മലയാളമറിയില്ല എങ്കില്‍ നാടിന്റെ തനിമയെ അനുഭവിക്കാന്‍ കഴിയില്ല എന്നുമാത്രമല്ല നാട്ടിലെ തൊഴിലവസരത്തിനുള്ള സാധ്യതയും മങ്ങിവരുന്നു എന്നതാണ് നമുക്ക് ഒടുവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളെന്നു അവര്‍ ചൂണ്ടിക്കാട്ടി.

കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ലോക കേരള സഭ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം കെ. ബി. മുരളി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, മലയാളം മിഷന്‍ യുഎഇ ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ. എല്‍. ഗോപി, അബുദാബി മേഖല കോര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി, അബുദാബി മേഖല ജോ. കണ്‍വീര്‍മാരായ പുന്നൂസ് ചാക്കോ, ഷൈനി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
മലയാളം മിഷന്‍ ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനം കെ. ബി. മുരളി നിര്‍വ്വഹിച്ചു. ആയിരത്തോളം പുസ്തകങ്ങളാണ് കുട്ടികളുടെ വായനാതാത്പര്യം വളര്‍ത്തിയെടുക്കുന്നതിനായി രൂപം നല്‍കിയ മലയാളം മിഷനിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭാവന ചെയ്തിരിക്കുന്നത്.

മലയാളം മിഷന്‍ അബുദാബി മേഖലയിലെ അധ്യാപകര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷന്‍ അധ്യാപക ബാഡ്ജ് കെ. എല്‍ ഗോപി വിതരണം ചെയ്തു. മലയാളം മിഷന്റെ ഡിപ്ലോമ കോഴ്‌സായ സൂര്യകാന്തി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം സൂര്യകാന്തിയുടെ അധ്യാപകരായ എ. പി. അനില്‍ കുമാര്‍, അനിതാ റഫീഖ്, വീണ രാധാകൃഷ്ണന്‍, നൗഷിദ ഫസല്‍, ചിത്ര പവിത്രന്‍ എന്നിവര്‍ക്ക് നല്‍കിക്കൊണ്ട് കെ.ബി. മുരളി നിര്‍വ്വഹിച്ചു. തുടര്‍ന്ന് അബുദാബി മേഖലയ്ക്ക് കീഴില്‍ നടന്നുവരുന്ന മുപ്പത്ത് മലയാളം മിഷന്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ കുട്ടിക്കവിയരങ്ങ് അവതരിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top