26 May Tuesday

സൗദിയില്‍ എല്ലാ സന്ദര്‍ശക വിസകള്‍ക്കും കാലാവധി നീട്ടി നല്‍കും; കൂടുതല്‍ യാത്രാവിലക്കുമായി ഖത്തര്‍

അനസ് യാസിന്‍Updated: Monday Mar 16, 2020

മനാമ > അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ സൗദിയില്‍ കഴിയുന്ന എല്ലാ സന്ദര്‍ശക വിസക്കാര്‍ക്കും വിസ കാലാവധി നീട്ടി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ അറിയിച്ചു.

കൊറോണവൈറസ് വ്യാപനം തടയാനായാണ് രാജ്യത്തിനുപുറത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഞായറാഴ്ച രാവിലെ 11 മുതല്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് 30 വരെ സര്‍വീസ് ഉണ്ടാകില്ല. അബ്ശിര്‍ വഴി വിസ പുതുക്കാന്‍ സൗകര്യമുണ്ട്. സൗദിയിലെത്തി വിസ കാലാവധി പൂര്‍ത്തിയായതിനാല്‍ രാജ്യം വിടേണ്ടവര്‍ക്ക് ഇപ്പോള്‍ വിസ പുതുക്കാനാകും. ഇങ്ങിനെ പുതുക്കാന്‍ തടസ്സം നേരിടുന്നവര്‍ ഫീസടച്ച് ജവാസാത്തിനെ സമീപിക്കണം. ഫാമിലി, ബിസിനസ്, ചികിത്സ, ടൂറിസ്റ്റ് അടക്കം എല്ലാവിധ സന്ദര്‍ശന വിസകളിലും സൗദിയിലെത്തിയവരുടെ വിസാ കാലാവധി തത്തുല്യ കാലത്തേക്കാണ് നീട്ടിനല്‍കുക. മള്‍ട്ടിപ്പിള്‍, സിംഗിള്‍ എന്‍ട്രി വിസകള്‍കെളകല്ലാം ഇത് ബാധകമാണ്.

വിമാനങ്ങള്‍ റദ്ദാക്കിയതു കാരണം സൗദിയിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് മാര്‍ച്ച് 15 മുതല്‍ 30 വരെയുള്ള ദിവസങ്ങള്‍ ഔദ്യോഗിക അവധിയായി പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദേശങ്ങളില്‍ കുടുങ്ങിയ സൗദി ഇഖാമയുള്ള വിദേശികള്‍ക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ച കാലയളവിന് തുല്യമായ കാലത്തേക്ക് ഇവര്‍ക്ക് റീ-എന്‍ട്രി കാലാവധി നീട്ടിനല്‍കാനും തീരുമാനമുണ്ട്. ഇഖാമ കാലവാധിയും ദീര്‍ഘിപ്പിക്കും.

അതിനിടെ, കൊറോണ ബാധയെത്തുടര്‍ന്ന്  കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ ഖത്തര്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അനുവദിക്കില്ല. ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാരുടെയും ഈ രാജ്യങ്ങളില്‍നിന്നുള്ള മറ്റു യാത്രക്കാരുടെയും പ്രവേശനം നിര്‍ത്തിവെച്ചു. സുഡാനില്‍ നിന്ന് ഖത്തറിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top