24 February Monday

പ്രതിവർഷം ഏഴുലക്ഷത്തിൽ കൂടുതൽ അയക്കുന്നതിന്‌ നികുതി ; വിദേശത്ത്‌ പഠിക്കുന്ന വിദ്യാർഥികളെ ബാധിക്കും

സ്വന്തം ലേഖകൻUpdated: Saturday Feb 15, 2020



ന്യൂഡൽഹി
ഒരു വർഷം ഏഴുലക്ഷത്തിലേറെ രൂപ വിദേശത്തേക്ക്‌ അയക്കുമ്പോൾ, ഉറവിടത്തിൽനിന്ന് നികുതി പിരിക്കണമെന്ന കേന്ദ്ര സർക്കാർ ബജറ്റിലെ പുതിയ നിർദേശം വിദേശത്ത്‌ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും തിരിച്ചടിയാകും. ഇതിനായി ആദായനികുതി നിയമത്തിലെ 206 സി വകുപ്പ്‌ ഭേദഗതി ചെയ്യാൻ ധനബിൽ നിർദേശിക്കുന്നു. പണം അയക്കുന്ന വ്യക്തിക്ക് പാൻ അല്ലെങ്കിൽ ആധാർ ഉണ്ടെങ്കിൽ, ടിസിഎസ് നിരക്ക് അഞ്ചുശതമാനവും മറ്റുള്ളവർക്ക്‌ 10 ശതമാനവും ആയിരിക്കും. ഏപ്രിൽ ഒന്നുമുതൽ പണം അയക്കുന്ന അംഗീകൃത ഇടപാടുകാരൻ ഈ നികുതിത്തുകയും ശേഖരിക്കണം.

ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം തുടങ്ങി ഉന്നതപഠനത്തിനാണ്‌ ഇന്ത്യയിൽനിന്നുള്ള 70 ശതമാനം വിദ്യാർഥികളും വിദേശത്തുപോകുന്നത്‌. അവിടെ കോഴ്‌സിനു ചേരുമ്പോൾ ഒറ്റത്തവണയായി ഏഴുലക്ഷത്തിലധികം നൽകേണ്ടി വരുന്നവർക്കെല്ലാം പുതിയ നിബന്ധന പ്രതികൂലമാകും.

റിസർവ്‌ ബാങ്കിന്റെ ലിബറലൈസ്‌ഡ്‌ റമിറ്റൻസ്‌ സ്‌കീം പ്രകാരം ഒരാൾക്ക്‌ വിദേശത്തേക്ക്‌ 2,50,000 ഡോളർവരെ ഒരു സാമ്പത്തികവർഷം അയക്കാൻ അനുമതിയുണ്ട്‌. ഇത്‌ വിദ്യാർഥികൾക്ക്‌ വിദേശത്തേക്ക്‌ ഫീസിനത്തിൽ പണം അയക്കുന്ന രക്ഷിതാക്കൾക്ക്‌ തടസ്സങ്ങൾ ഒഴിവാക്കും. ഇങ്ങനെ അയക്കുന്ന തുക ഏഴുലക്ഷത്തിൽ അധികമാണെങ്കിൽ ടിസിഎസ്‌ ഈടാക്കും. ഇത്‌ നികുതി റിട്ടേൺസ്‌ സമർപ്പിക്കുമ്പോൾ ഇളവുകൾ ക്ലെയിം ചെയ്യാൻ ഉപയോഗിക്കാം.


പ്രധാന വാർത്തകൾ
 Top