16 July Tuesday

ദമ്മാമിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാദുരിതം പരിഹരിക്കണം: നവോദയ

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

ദമ്മാം> സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നിന്ന്  കേരളത്തിലേക്കുള്ള വിമാന യാത്രാ നിരക്കിന്റെ അനിയന്ത്രിതമായ വർദ്ധനവും വിമാന സർവീസുകളുടെ ദൗർലഭ്യവും പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കയാണ്. ജെറ്റ് എയർവേയ്‌സ് ആഴ്ചയിൽ നടത്തിയിരുന്ന നാൽപ്പതോളം സർവീസുകൾ പൂർണ്ണമായും നിർത്തലാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദമ്മാമിൽ നിന്നും കോഴിക്കോട് ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്കു നേരിട്ടുള്ള സർവീസ് നിലവിൽ ലഭ്യമല്ല. കോഴിക്കോട്ടേക്കുള്ള നേരിട്ടുള്ള വിമാന നിരക്ക് സാധാരണക്കാരായ യാത്രക്കാർക്ക് അപ്രാപ്യമാണ്, കണക്ഷൻ സർവീസുകൾ നടത്തുന്ന വിമാനക്കമ്പനികൾ എല്ലാ സീസണുകളിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

നിലവിൽ മുപ്പതിനായിരം മുതൽ അമ്പതിനായിരവും അതിനു മുകളിലുമാണ് വിമാനക്കമ്പനികൾ ഈടാക്കുന്ന നിരക്ക്, മാത്രമല്ല മറ്റ് വിമാനത്താവളങ്ങളിലെ ദീർഘനേരത്തെ കാത്തിരിപ്പ് രോഗികളുൾപ്പെടെയുള്ള അടിയന്തിര യാത്രക്കാരെ ദുരീതത്തിലാക്കുന്നുണ്ട്. അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോവാൻ തയ്യാറെടുക്കുന്ന കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാണ് വിമാന നിരക്കിന്റെ അനിയന്ത്രിതമായ വർദ്ധനവ്. യാത്രാ നിരക്ക് താങ്ങാൻ കഴിയാത്തതിനാൽ പല കുടുംബങ്ങളും അവധിക്കാലം ഗൾഫിൽ തന്നെ ചെലവഴിക്കാനുള്ള തീരുമാനത്തിലാണ്. ജെറ്റ്എയർവേയ്‌സ് പൂർണ്ണമായും പിൻവാങ്ങിയതിനാൽ മറ്റു വിമാനകമ്പനികളുമായി ചർച്ച നടത്തി കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾ നേരിടുന്ന യാത്രാ ദുരിതം അവസാനിപ്പിക്കുന്നതിനും ദമ്മാമിൽ  നിന്നും നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്തിനു അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് നവോദയ കിഴക്കൻ പ്രവിശ്യ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

 


പ്രധാന വാർത്തകൾ
 Top