19 February Tuesday

ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്സിനാവില്ല: എം സ്വരാജ് എം എല്‍ എ

സഫറുള്ള പാലപ്പെട്ടിUpdated: Saturday Apr 14, 2018

ഫോട്ടൊ: അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഇഎം എസ് എകെ.ജി സ്മൃതി'യില്‍ എം. സ്വരാജ് എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തുന്നു.

അബുദാബി > ഇന്ത്യയുടെ മതനിരപേക്ഷത സം രക്ഷിക്കാനുള്ള സമരത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.സ്വരാജ് എം.എല്‍.എ അഭിപ്രായപ്പെട്ടു. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ''ഇഎംഎസ് എകെജി സ്‌മൃതി'യില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


മതനിരപേക്ഷതയുടെ കാവലാളായി ഞങ്ങളുണ്ട് എന്ന ശബ്ദം പുറപ്പെടുവിക്കേണ്ട കോണ്‍ഗ്രസ് നിശ്ശബ്ദമായി നില്‍ക്കുകയാണ്. അപൂര്‍വ്വം ശബ്ദിക്കുന്ന കോണ്‍ഗ്രസ്സിന്റെ നേതാക്കന്‍മാരാകട്ടെ സംഘപരിവാറിന് അനുകൂലമായ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.

ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭഗവത്തിനെ ഇന്ത്യന്‍ യൂനിയന്റെ പ്രസിഡന്റാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഒരു കാലത്ത് കോണ്‍ഗ്രസ്സിന്റെ ദക്ഷിണേന്ത്യന്‍ മുഖമായ ജാഫര്‍ ഷെരീഫാണ്. ആര്‍. എസ്. എസ് പോലും ചിന്തിക്കാത്ത കാര്യം പറയുമ്പോള്‍ ഇതല്ല കോണ്‍ഗ്രസ്സിന്റെ നയമെന്ന് പറയാന്‍ നട്ടെല്ലുള്ള ഒരാള്‍ പോലും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലില്ല എന്നതാണ് ഇന്ന് കോണ്‍ഗ്രസ് നേരിടുന്ന ദുര്യോഗം.


ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്സ് നേതാവ് ഹരീഷ് റാവത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെയാണ് ബീഫ് കഴിക്കുന്നവര്‍ ഇന്ത്യവിട്ട് പോകണം എന്ന് പരസ്യമായി പറഞ്ഞത്. ഇത് തിരുത്തുവാനുള്ള ഒരു ശ്രമവും കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യന്തരമന്ത്രിയായിരിക്കെയാണ് അഭ്യന്തരവകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ പോലീസ് അക്കാഡമിയുടെ പരിശീലന ശാലയില്‍ ബീഫ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

കേരളത്തില്‍ ആര്‍എസ്എസ് പോലും പറയാന്‍ ധൈര്യം കാണിക്കാതിരിക്കുമ്പോള്‍ ആര്‍എസ്എസ്സിനു വേണ്ടി ഇങ്ങിനെ ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു മടിയും ഉണ്ടായില്ല. പ്രവീണ്‍ തൊഗാഡിയയുടെ കേസ് പിന്‍വലിച്ചുകൊണ്ട് രാജിയായത് ഉമ്മന്‍ചാണ്ടി അഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ്.


ജാഫര്‍ ഷെരീഫ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെ സംഘപരിവാറുകാര്‍ക്ക് സുഖകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇന്ത്യയുടെ മതനിരപേക്ഷതയെ സംരക്ഷിക്കുവാനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിനെ കൂടെ നിര്‍ത്താനാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
ഉള്ള ശക്തി ഉപയോഗിച്ച് സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് സിപിഐ(എം) മാത്രമാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി സിപിഐ(എം)നെ ലക്ഷ്യമിടുന്നത്.

ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ച സംഘപരിവറുകാര്‍ തന്നെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ തല വെട്ടിക്കൊണ്ടുവരുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചത്. ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്റെ തലവെട്ടിക്കൊണ്ട് വന്നാല്‍ ഒരു നൂറു രൂപപോലും പാരിതോഷികം പ്രഖ്യാപിക്കാത്തത് കോണ്‍ഗ്രസ്സുകാരുടെ തലയ്ക്ക് വിലയില്ലാഞ്ഞിട്ടല്ല.

ആര്‍ എസ് എസ്സിന്റെ കമ്പോളത്തില്‍ ആ തല ആരോഗ്യത്തോടെ ശരീരത്തിലിരുന്നാല്‍ ആര്‍എസ്എസ്സിനു ആ തല ഒരു വേദനയും ഇല്ല എന്നു മാത്രമല്ല. നാളെ ആര്‍ എസ് എസ്സിലേയ്ക്ക് വരേണ്ടവരാണെന്ന തിരിച്ചറിവ് കൂടിയാണ്.
വിവരമില്ലായ്മയില്‍ അഹങ്കരിക്കുന്നവരെ ആഘോഷിക്കുന്ന ഒരു കാലഘട്ടമാണിതെന്ന് അടുത്തകാലത്ത് എകെജിക്കെതിരെ നടത്തിയ പരാമര്‍ശത്തെ പരോക്ഷമായി ചൂണ്ടിക്കാട്ടിക്കൊണ്ട് സ്വരാജ് തുടര്‍ന്നു പറഞ്ഞു.


അവര്‍ക്ക് എ.കെ.ജി എന്ന മൂന്നക്ഷരം ആ അര്‍ത്ഥപൂര്‍ണ്ണതയോടെ ഉച്ചരിക്കണമെങ്കില്‍ ഒരു ജന്‍മം മതിയായി വരില്ല. എകെജി രോഗശയ്യയില്‍ കിടക്കുമ്പോള്‍ ''കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ'' എന്നുവിളച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്സിന് അന്നും ഇന്നും ഒരേ ബുദ്ധിയാണ്. ഒരേ മനസ്സാണ്. അതില്‍ നിന്ന് അവര്‍ വളരും എന്ന് സമൂഹത്തില്‍ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്കാണ് തെറ്റ് പറ്റിയത്. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.


എട്ടുവയസ്സ് മാത്രം പ്രായമുള്ള ആസിഫ ബാനു എന്ന കുരുന്നു ബാലികയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന നരാധമന്‍മാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്ടാണ് അബുദാബി ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് വി.പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ സാംസ്‌കാരിക സമ്മേളനം ആരംഭിച്ചത്.


ലോക കേരള സഭ അംഗം കെ. ബി. മുരളി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്‍, ശക്തി വനിതാ വിഭാഗം കണ്‍വീനര്‍ ഷെമീന ഒമര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ശക്തി ഗായകസംഘം സ്വാഗതഗാനം  അവതരിപ്പിച്ചു. സ്‌മ്മേളനത്തോടനുബന്ധിച്ച് ഇഎംഎസ് എകെജി ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. ചടങ്ങില്‍ ശക്തി ട്രഷറര്‍ ലായിന മുഹമ്മദ് സ്വാഗതവും ജോ. സെക്രട്ടറി നൗഷാദ് യൂസഫ് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top