02 December Monday

തൊഴിലാളികളുടെ എണ്ണം വർധിച്ചു

കെ ശ്രീജിത്ത്‌Updated: Wednesday Nov 13, 2024

കുവൈത്ത് സിറ്റി > കുവൈത്തിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം വർധിച്ചതായി റിപ്പോർട്ട്‌. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ആകെ 29.27 ലക്ഷം തൊഴിലാളികളാണ് കുവൈത്തിലുള്ളതെന്നും റിപ്പോർട്ടിലുണ്ട്‌.

2023ന്റെ രണ്ടാംപാദത്തിന്റെ അവസാനത്തോടെ 28.77 ലക്ഷം തൊഴിലാളികളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കുവൈത്തിലെ മൊത്തം തൊഴിൽ ശക്തിയുടെ ഏകദേശം 26.9 ശതമാനം ഗാർഹിക തൊഴിലാളികളാണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഏകദേശം 7,86,000 ഗാർഹിക തൊഴിലാളികൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ വ്യക്തമാക്കുന്നത്.

റിപ്പോർട്ട്‌ അനുസരിച്ച്‌ കുവൈത്തിലെ തൊഴിൽ വിപണിയിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാരാണ്. രാജ്യത്തെ ആകെ തൊഴിലാളികളുടെ 30.2 ശതമാനമാണ്‌ ഇന്ത്യക്കാർ. 16.2 ശതമാനവുമായി ഈജിപ്ത്‌ തൊഴിലാളികളാണ്‌ രണ്ടാംസ്ഥാനത്ത്‌. ആകെ തൊഴിലാളികളുടെ 15.4 ശതമാനമാണ്‌ സ്വദേശികൾ.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സർക്കാർ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ടിലുണ്ട്‌. 0.5 ശതമാനമാണ്‌ വർധന. ഇതോടെ രാജ്യത്തെ സർക്കാർ മേഖലയിൽ സ്വദേശികളായ 3,77,500 ജീവനക്കാരായി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 74,100 ആണ്. കഴിഞ്ഞ വർഷം ഇത് 71,400 ആയിരുന്നു. പൊതുമേഖലയിൽ 83.6 ശതമാനവും സ്വകാര്യമേഖലയിൽ 16.4 ശതമാനവുമാണ് സ്വദേശി ജീവനക്കാരുടെ നിരക്ക്. അതേസമയം, സ്ത്രീ–- -പുരുഷ തൊഴിലാളികൾക്കിടയിലും സ്വദേശി–- -പ്രവാസി ജീവനക്കാർക്കിടയിലും വേതനത്തിലെ അസമത്വം നിലനിൽക്കുന്നതായി റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. സർക്കാർ മേഖലയിൽ സ്വദേശി പുരുഷ–- വനിത ജീവനക്കാർക്കിടയിൽ 41.8 ശതമാനം വേതന വ്യത്യാസം നിലനിൽക്കുന്നതായി സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ ചൂണ്ടക്കാട്ടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top