23 November Saturday

26 വര്‍ഷമായി നാട്ടില്‍ പോകാതെ കുവൈറ്റില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മരണമടഞ്ഞു; ബന്ധുക്കളെക്കുറിച്ചും വിവരമില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

കുവൈറ്റ് > ഇരുപത്തിയാറു വര്‍ഷമായി നാട്ടില്‍ പോകാതെ കുവൈറ്റില്‍ കഴിഞ്ഞ ഇന്ത്യക്കാരന്‍ മരണമടഞ്ഞു. ഗരു പണ്ടാലിക്ക് നായിക് എന്നാണ് പാസ്‌പോര്‍ട്ടില്‍ പേര് രേഖപ്പെടുത്തിയിട്ടുള്ളത്. മരണപ്പെട്ട യാള്‍ക്ക് അറുപത്തിരണ്ടു വയസ്സുണ്ട്. പാസ്‌പോര്‍ട്ടില്‍ കൊടുത്തിട്ടുള്ള മേല്‍വിലാസമനുസരിച്ച് ഇയാള്‍ ഗോവന്‍ സ്വദേശിയാണ്. കഴിഞ്ഞ ഞാറാഴ്ചയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തലേ ദിവസം ഇയാളുടെ പാക്കിസ്ഥാനിയായ സുഹൃത്തിനോട് തനിക്ക് നേരിയ നെഞ്ചു വേദന അനുഭവപ്പെടുന്നുവെന്നും അടുത്ത ദിവസം കാലത്ത് തന്നെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ എത്തണമെന്നും ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് കാലത്ത് ഇയാളുടെ താമസ സ്ഥലത്ത് എത്തിയ സുഹൃത്ത് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും വാതില്‍ തുറക്കാതായതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എമിഗ്രേഷന്‍ രേഖകള്‍ പ്രകാരം കഴിഞ്ഞ 26 വര്‍ഷമായി ഇയാള്‍ നാട്ടിലേക്കോ രാജ്യത്ത് നിന്നും പുറത്തേക്കോ പോയിട്ടില്ല. രണ്ടു വര്‍ഷം മുമ്പ് വരെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ താമസ രേഖയുടെ കാലാവധി കഴിഞ്ഞ വര്‍ഷമാണു അവസാനിച്ചത്.

പാസ്‌പോര്‍ട്ടില്‍ ഉള്ള അഡ്രസ് പ്രകാരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഇയാളെ സംബന്ധിച്ച് മറ്റു വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു തടസ്സം നേരിടുകയാണ്. ബന്ധുക്കളുടെ സമ്മതപത്രം ലഭിക്കാതെ മൃതദേഹം കുവൈറ്റില്‍ സംസകരിക്കാനും സാധിക്കില്ല. പരിചയക്കരാനായ പാക്കിസ്ഥാനി സ്വദേശിക്ക് ഇയാളെക്കുറിച്ച് മറ്റു വിശദാംശങ്ങള്‍ അറിയുകയുമില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


 


പ്രധാന വാർത്തകൾ
 Top