14 December Saturday

സൗദിയില്‍ സ്ഥിരം ഇഖാമ തുടങ്ങി; ആദ്യ ഘട്ടത്തില്‍ ഇന്ത്യയടക്കം 19 രാജ്യക്കാര്‍

അനസ് യാസിന്‍Updated: Tuesday Nov 12, 2019

മനാമ >  സ്പോണ്‍സര്‍ ഇല്ലാതെ തന്നെ ജോലി ചെയ്യാനും ബിസിനസ് നടത്താനും അവസരമൊരുക്കുന്ന സ്ഥിരം ഇഖാമ (പ്രീമിയം റെസിഡന്‍സി) സൗദിയില്‍ ആരംഭിച്ചു. ഗ്രീന്‍ കാര്‍ഡിന് സമാനമായ സ്ഥിരം ഇഖാമ ആദ്യ ഘട്ടത്തില്‍ ഇന്ത്യയടക്കം 19 രാജ്യങ്ങളില്‍ നിന്നുള്ള 73 പേര്‍ക്കാണ് അനുവദിച്ചത്. നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, മറ്റു പ്രഫഷണലുകള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെട്ടത്. സൗദിയില്‍ കഴിയുന്ന വിദേശികളും വിദേശങ്ങളില്‍ കഴിയുന്നവരും സ്ഥിരം ഇഖാമ ലഭിച്ചവരില്‍ ഉള്‍പ്പെടും.

അപേക്ഷകളില്‍ സൂക്ഷ പരിശോധന നടത്തിയാണ് അര്‍ഹരെ കണ്ടെത്തിയതെന്ന് പ്രീമിയം റെസിഡന്‍സി സെന്റര്‍ സിഇഒ ബന്ദര്‍ അല്‍ ആയിദ് പറഞ്ഞു. അവശേഷിക്കുന്ന അപേക്ഷകളില്‍  പരിശോധന തുടരുകയാണ്. 27 രാജ്യക്കാരില്‍നിന്ന് സ്ഥിരം ഇഖാമക്ക് അപേക്ഷ ലഭിച്ചു. സൗദിയില്‍ കുടുംബ സമേതം കഴിയുന്നവരും സ്ഥിരം ഇഖാമക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്ഥിരം ഇഖാമ നേടുന്നവര്‍ക്ക് സൗദി പൗരത്വത്തിന് അവകാശമുണ്ടായിരിക്കില്ലെന്നും ആയിദ് അറിയിച്ചു.

പ്രൊഫണലുകളെയും നിക്ഷേപകരെയും രാജ്യത്തേക്കു വന്‍തോതില്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ഥിരം ഇഖാമ അനുവദിക്കാന്‍ തുടങ്ങിയത്. രണ്ടു തരം സ്ഥിരം ഇഖാമകളാണ് അനുവദിക്കുന്നത്- ആജീവനാന്ത കാലത്തേക്ക് ഒറ്റത്തവണ ഫീസ് അടക്കുന്ന സ്ഥിരം പ്രീമിയം ഇഖാമയും വര്‍ഷാവര്‍ഷം പുതുക്കേണ്ട പ്രീമിയം ഇഖാമയും. സ്ഥിരം ഇഖാമക്ക് ഒറ്റത്തവണയായി എട്ടു ലക്ഷം റിയാലാണ് (ഏതാണ്ട് 15,290,715.66 രൂപ) ഫീസ്. ഒരു വര്‍ഷ കാലാവധിയുള്ള പ്രീമിയം ഇഖാമക്ക് ഒരു ലക്ഷം റിയാലാണ് (1,911,566 രൂപ) ഫീസ്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള പ്രീമിയം ഇഖാമ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ഫീസ് അടക്കുമ്പോള്‍ ഫീസില്‍ രണ്ടു ശതമാനം പ്രത്യേക ഇളവ് ലഭിക്കും.

രണ്ടു ഇഖാമകള്‍ക്കും കുടുംബ സമേതം സൗദിയില്‍ താമസം, ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസ, സ്വകാര്യ മേഖലയില്‍ ഇഷ്ടാനുസരണം ജോലിയില്‍ പ്രവേശിക്കാനും തൊഴില്‍ മാറുന്നതിനുമുള്ള അനുമതി, സൗദിയില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും പുററത്തേക്ക് പോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം, രാജ്യത്ത് നിക്ഷേപാനുമതി തുടങ്ങിയ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

 എന്നാല്‍, മക്കയും മദീനയും അതിര്‍ത്തി പ്രദേശങ്ങളും ഒഴികെയുള്ള പ്രദേശങ്ങളില്‍ പാര്‍പ്പിട, വ്യാപാര, വ്യവസായ ആവശ്യങ്ങള്‍ക്ക് സ്വന്തം പേരില്‍ റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങാന്‍ അനുമതി, മക്കയിലെയും മദീനയിലെയും റിയല്‍ എസ്റ്റേറ്റുകള്‍ 99 വര്‍ഷത്തില്‍ കവിയാത്ത കാലത്തേക്ക് വാടകക്കെടുക്കുന്നതിനുള്ള അനുമതി, എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ സൗദികള്‍ക്കുള്ള കൗണ്ടറുകള്‍ ഉപയോഗിക്കാനുള്ള അനുമതി, വിദേശ നിക്ഷേപ നിയമം അനുസരിച്ച് സൗദിയില്‍ ബിസിനസ് ചെയ്യാന്‍ അനുമതി എന്നിവ സ്ഥിരം ഇഖാമ ഉടമകള്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍.

പൂര്‍ണമായും സ്വദേശിവല്‍ക്കരിച്ച തൊഴിലുകളില്‍ ഇഖാമ ഉടമകള്‍ക്കും ആശ്രിതര്‍ക്കും വിലക്കുണ്ടാകും. സ്ഥിരം ഇഖാമ ലഭിക്കുന്നവര്‍ സൗദിയില്‍ നിശ്ചിത കാലം നിര്‍ബന്ധമായും കഴിയണമെന്ന് വ്യവസ്ഥയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മേയ് 14 നാണ് പ്രീമിയം ഇഖാമ നിയമം മന്ത്രിസഭ അംഗീകരിച്ചത്. ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് സ്ഥിരം ഇഖാമക്ക് അപേക്ഷിക്കാം.
 


പ്രധാന വാർത്തകൾ
 Top