02 July Thursday

കോവിഡ്‌ : ഗൾഫിൽ 5 മലയാളികൾകൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020


തിരുവനന്തപുരം
കോവിഡ്‌ 19 ബാധിച്ച്‌ വിവിധ ഗൾഫ്‌ രാജ്യങ്ങളിൽ അഞ്ച്‌ മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, സ്വദേശികളാണ്‌ മരിച്ചത്‌.
മുളന്തുരുത്തി പെരുമ്പിള്ളി ഇറക്കാമറ്റത്തിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ ബെന്നി (53)ദമാമിലും, കൊടുങ്ങല്ലൂർ കാവിൽക്കടവിൽ മുനിസിപ്പാലിറ്റി മാർക്കറ്റ് ഷോപ്പിങ്‌ കോംപ്ലക്സിനു സമീപത്തെ പറമ്പൻ തോമസിന്റെ മകൻ സൈമൺ (48) അബുദാബിയിലും, വക്കം സ്വദേശി ആങ്ങാവിള ശ്രീമംഗലത്തിൽ സുശീലൻ (60) ദുബായിലും, കിളിമാനൂർ പാപ്പാല ഏഴരമൂഴി ചരുവിള പുത്തൻ വീട്ടിൽ ഹസൻ അബ്‌ദുൽ റഷീദ് (60) ഷാർജയിലും, നിലമ്പൂര്‍ മരുത  നെല്ലിക്കോടന്‍ സുദേവന്‍ (52)  ദമാമിലുമാണ്‌ മരിച്ചത്‌.

27 വർഷമായി സൗദിയിൽ സാലം ബെൽഹാമർ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെന്നിയെ രണ്ടാഴ്ച മുമ്പ്‌ ന്യുമോണിയ ബാധിച്ച്‌ ദമാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്‌ കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ അഞ്ചിനാണ്‌ മരിച്ചത്‌. ഭാര്യ: ടെസി. മകൾ: മേബിൾ. അമ്മ: സാറാമ്മ. സംസ്‌കാരം ചൊവ്വാഴ്ച ദമാമിൽ നടത്തും.

കൊടുങ്ങല്ലൂർ കാവിൽക്കടവിൽ  സൈമൺ അബുദാബിയിലെ മുറിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ മെയ്‌ അഞ്ചിന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ്‌ മരിച്ചത്‌. മൃതദേഹം അബുദാബിയിൽ സംസ്കരിച്ചു. കൺസ്ട്രക്‌ഷൻ കമ്പനിയിൽ ഫോർമാനായിരുന്നു.  ഒരുവർഷംമുമ്പ് വടക്കേക്കര ആളംതുരുത്തിൽ വീട് വാങ്ങിയിരുന്നു. എന്നാൽ, അവിടെ താമസിക്കാനായില്ല. ഭാര്യ: സോണി. മക്കൾ: അനേന, ആൻലിയ.

സുശീലൻ ദുബായിൽ ഡ്രൈവറായിരുന്നു. ഭാര്യ: ഷേർളി. മക്കൾ: ശരത്ത് (ദുബായ്‌), വൈശാഖ് (ദുബായ്‌). മരുമകൾ: മാളവിക ശരത്ത്. സംസ്കാരം വ്യാഴാഴ്ച ദുബായിൽ.
കോവിഡ്‌ ബാധിച്ച്‌ ഷാർജയിലെ എംക്യുഎച്ച്അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹസൻ അബ്‌ദുൽ റഷീദ് (60). ഖബറടക്കം ഷാർജയിൽ നടത്തി. മാർച്ചിൽ നാട്ടിലേയ്‌ക്കുള്ള വിമാന ടിക്കറ്റെടുത്ത്‌ മടങ്ങാനിരിക്കെ ലോക്‌ഡൗൺ പ്രഖ്യാപ്പിച്ചതോടെ റഷീദ്‌  കുടുങ്ങികിടക്കുകയായിരുന്നു.  ഭാര്യ സോഫിയ, മക്കൾ; ജാസ്മിൻ, ജസ്‌ന, സെയ്ദ് മുഹമ്മദ്. മരുമകൻ; സുൾഫിക്കർ.

നിലമ്പൂര്‍ മരുത  നെല്ലിക്കോടന്‍ സുദേവന്‍ ദമാമിലെ അൽമന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  12 വർഷമായി പ്രവാസിയാണ്​. അച്ഛൻ: ദാമോദരൻ. അമ്മ: വിശാലാക്ഷി. ഭാര്യ: പ്രതിഭ. മകൾ: ആര്യ.
 


പ്രധാന വാർത്തകൾ
 Top