25 January Saturday

ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയറിനു ആദ്യ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2019

മനാമ > ഈ വര്‍ഷത്തെ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) മെഗാ ഫെയറിനോട് അനുബന്ധിച്ച് ആദ്യമായി വനിതാ ക്രിക്കറ്റ് മേളയും അരങ്ങേറുന്നു. ഇസ ടൗണിലെ സ്‌കൂള്‍ മൈതാനത്ത് വനിതകള്‍ക്കായുള്ള ആദ്യ  സോഫ്റ്റ്‌ബോള്‍ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ്  ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു.  ശ്രീലങ്കന്‍ സ്റ്റാര്‍സ് ഫൈനലില്‍ ബഹ്റൈന്‍ റെഡിനെ നേരിടും. ഫൈനല്‍ മത്സരങ്ങള്‍  ഡിസംബര്‍ 12 വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കും.

വെള്ളിയാഴ്ച നടന്ന യോഗ്യതാ റൗണ്ടുകളില്‍ ആവേശകരമായ ചില മത്സരങ്ങള്‍ക്ക് സ്‌കൂള്‍ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചു. ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായാണ്  പങ്കെടുത്തത്.ഒന്നാം ഗ്രൂപ്പില്‍  ബഹ്റൈന്‍ റെഡ്, ബഹ്റൈന്‍ വൈറ്റ്, ഐഎസ്ബി ജൂനിയേഴ്‌സ് എന്നീ ടീമുകളും  രണ്ടാം ഗ്രൂപ്പില്‍ ഐ എസ് ബി ടീം റിഫ, കര്‍ണാടക സോഷ്യല്‍ ക്ലബ്, ശ്രീലങ്കന്‍ സ്റ്റാര്‍സ് എന്നീ ടീമുകളും കളിക്കുന്നു.  ആവേശകരമായ ഒരു മത്സരത്തില്‍, ശ്രീലങ്കന്‍ സ്റ്റാര്‍സ് വെറും 5 ഓവറില്‍ 125 റണ്‍സ് നേടി. ഇത് ഇന്ത്യന്‍ സ്‌കൂള്‍ മൈതാനത്ത് നടന്ന വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.  കര്‍ണാടക സോഷ്യല്‍ ക്ലബിനെതിരായ മത്സരത്തിലാണ് അവര്‍ ഈ റണ്‍സ് നേടിയത്.  ലക്ഷ്യം നേടാനിറങ്ങിയ കര്‍ണാടക സോഷ്യല്‍ ക്ലബിന് 5 ഓവറില്‍ 26 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഹിദ്  പ്രീമിയര്‍ ലീഗുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഇന്ത്യന്‍ സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-സ്‌പോര്‍ട്‌സ് രാജേഷ് എം എന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം -ആരോഗ്യം / പരിസ്ഥിതി അജയകൃഷ്ണന്‍  വി, റിഫ  കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, പ്രഛുര്‍  ശുക്ല (സി ബി എ ), ഫിസിക്കല്‍ എജുക്കേഷന്‍ അദ്ധ്യാപകന്‍ മുകുന്ദ  വാര്യര്‍, ടൂര്‍ണമെന്റ് കണ്‍വീനര്‍ ആദില്‍ അഹമ്മദ്, ഹിദ് പ്രീമിയര്‍ ലീഗ്  കണ്‍വീനര്‍ നൗഷാദ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  

ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) മെഗാ മേള 2019 ഡിസംബര്‍ 15, 16 തീയതികളില്‍ ഈസ ടൗണിലെ സ്‌കൂള്‍ കാമ്പസില്‍ നടത്തും.


പ്രധാന വാർത്തകൾ
 Top