31 May Sunday

പ്രവാസി സൗഹൃദ കേരള ബഡ്ജറ്റ്

കെ സി സജീവ് തൈക്കാട്Updated: Monday Feb 10, 2020
-
കെ സി സജീവ് തൈക്കാട്

കെ സി സജീവ് തൈക്കാട്

സമീപ കാലഘട്ടത്തില്‍ പ്രവാസികളെ ഏറ്റവും കൂടുതല്‍ പരിഗണിച്ച സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍.  കേരളത്തിന്‍റെ ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഫെബ്രുവരി 7-ാം തീയതി കേരള നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റ് ഇതിന് ഉത്തമ ഉദാഹരണമാണ്. 90 കോടി രൂപയാണ് പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.  രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 36 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണ ബഡ്ജറ്റിലുള്ളത്.

2016 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രവാസിക്ഷേമ ബോര്‍ഡില്‍ ഒരു ലക്ഷത്തി പതിനാറായിരം പേരുണ്ടായിരുന്നത്  ഇന്ന് അഞ്ചു ലക്ഷത്തില്‍ എത്തിനില്‍ക്കുകയാണ്.  വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 9 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  പുതുതായി ആരംഭിച്ച ഡിവിഡന്‍റ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.  ഈ പദ്ധതി പ്രവാസികള്‍ക്ക് നല്‍കുന്ന 10 ശതമാനം ഡിവിഡന്‍റ് ബഡ്ജറ്റില്‍ ഉറപ്പ് നല്‍കുന്നു.  മടങ്ങിവരുന്ന പ്രവാസികളുടെ ചികിത്സാ സഹായത്തിനും മരണാനന്തരം കുടുംബാംഗങ്ങളുടെ സഹായത്തിനും വേണ്ടിയുള്ള സാന്ത്വന പദ്ധതിക്കുവേണ്ടി 27 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയില്‍ ചേരാനുള്ള വാര്‍ഷിക വരുമാനം 1 ലക്ഷത്തില്‍ നിന്നും 1.5 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

മടങ്ങിവരുന്ന പ്രവാസികളുടെ പു:നരധിവാസത്തിനായുള്ള എന്‍.ഡി.പി.ആര്‍.ഇ.എം ലോണിന്‍റെ സബ്സിഡിക്കായി 18 കോടി രൂപ വകയിരുത്തി.  പ്രവാസികളുടെ നാട്ടിലുള്ള ബന്ധുക്കളായ വയോജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള കെയര്‍ ഹോം പണിയും.  2 കോടി രൂപ പ്രവാസി സംരഭകര്‍ക്കുള്ള നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന് മാറ്റിവച്ചു.  ജോബ് പോര്‍ട്ടല്‍ സമഗ്രമാക്കുന്നതിന് വേണ്ടി 1 കോടി മാറ്റിവച്ചു.  നഴ്സുമാര്‍ക്കും മറ്റും വിദേശത്ത് പോകുന്നതിനുള്ള പരിശീലനം നല്‍കാന്‍ 5 കോടി രൂപ മാറ്റിവച്ചു.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി ഹെല്‍പ് ലൈനും ബോധവത്കരണത്തിനും ലീഗല്‍ സെല്ലിനും വേണ്ടി 3 കോടി രൂപ മാറ്റിവച്ചു.  1.5 കോടി രൂപ ഇവാക്കുലേഷനും ആംബുലന്‍സ് സര്‍വ്വീസിനുമായി മാറ്റി വച്ചു.

പ്രവാസികളുടെ മലയാള പഠനത്തിനും ഓണ്‍ലൈന്‍ കോഴ്സിനും ഗ്രന്ഥശാലക്കുമായി 3 കോടി രൂപ മാറ്റിവച്ചു.  മലയാളികളുടെ അഭിമാനമായ ലോകകേരള സഭയ്ക്ക് 12 കോടി രൂപ നീക്കിവച്ചു.  പ്രവാസി സംഘടനകള്‍ക്ക് 2 കോടിരൂപയുടെ ധനസഹായവും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു.

ഇത്തരത്തില്‍ പ്രവാസിക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പ്രവാസിവിരുദ്ധ പ്രവര്‍ത്തികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പ്രവാസികള്‍ക്ക് നാട്ടില്‍ നില്‍ക്കുന്നതിനുള്ള കാലാവധി 180 ല്‍ നിന്നും 120 ആയി കുറക്കുകയും പാസ്പോര്‍ട്ടിനെ ആധികാരിക രേഖയല്ലാതാക്കി മാറ്റിയതും ഇതിനു ഉദാഹരണങ്ങളാണ്.  പ്രവാസികളുടെ നാട്ടിലേക്കയയ്ക്കുന്ന കാശിന് ടാക്സ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും, കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമവും പ്രവാസികള്‍ വളരെ ആശങ്കയോടെയാണ് നോക്കികാണുന്നത്.  കേരളത്തില്‍ സി.എ.എ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിറഞ്ഞ മനസോടെയാണ് പ്രവാസി സമൂഹം വരവേറ്റത്.

ഇത്തരത്തില്‍ പ്രവാസികളെ സംരക്ഷിക്കുന്ന നയ സമീപനമാണ് കേരള സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ളത്.  പറയുന്നകാര്യങ്ങള്‍ നടപ്പിലാക്കുന്ന ആര്‍ജ്ജവമുള്ള ഒരു ഭരണ സംവിധാനവും അതിനു നേതൃത്വം കൊടുക്കുന്ന ശ്രീ. പിണറായി വിജയനെപ്പോലുള്ള മുഖ്യമന്ത്രിയും ഉള്ളതാണ് പ്രവാസി മലയാളികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.  ഇത് എക്കാലവും പ്രവാസികള്‍ കൃതാര്‍ത്ഥതയോടുകൂടിയാണ് നോക്കികാണുന്നത്.

(കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ആണ് ലേഖകന്‍)


പ്രധാന വാർത്തകൾ
 Top