19 October Saturday

ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് അറിയിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019
ജിദ്ദ> ഈ വര്‍ഷത്തെ ഹജ്ജ് സുഗമമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യൻ അംബാസഡർ ഔസാഫ് സഈദ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായി രണ്ടു ലക്ഷം തീര്‍ത്ഥാടകരാണ് ഇന്ത്യയില്‍ നിന്ന്‍ ഈ വര്‍ഷം ഹജ്ജ് കര്‍മ്മത്തിന് എത്തുക. ഇന്ത്യയുടെ ഹജ്ജ് കോട്ട ഇത്രയും വര്‍ദ്ധിപ്പിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അംബാസഡർ നന്ദി അറിയിച്ചു
തീർഥാടകരെ സ്വീകരിക്കാനും, ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം സുഗമമായി നടത്താനുമുള്ള  എല്ലാ ഒരുക്കങ്ങളും ഇന്ത്യന്‍ കോണ്‍സുലെറ്റിന്റെ നേതൃത്വത്തില്‍  പൂര്‍ത്തിയായതായും  അംബാസഡർ അറിയിച്ചു.
ഹജ്ജ് കമ്മറ്റി വഴി 1,40,000 തീര്‍ത്ഥാടകരും മറ്റു ഗ്രൂപ്പുകള്‍ വഴി 60,000 തീര്‍ത്ഥാടകരുമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ഇന്ത്യയില്‍ നിന്ന് എത്തുക.
ഹാജിമാര്‍ ഇന്ത്യയില്‍ നിന്നു പുറപ്പെടുന്നതിനു മുന്‍പേ തന്നെ താമസ സ്ഥലം വിവരം, മുറികളുടെ നമ്പര്‍ എന്നിവ അറിയാനും, ഹാജിമാരുടെ ലഗേജുകളില്‍ അവരുടെ വിവരങ്ങള്‍ അടങ്ങിയ ടാഗുകള്‍ നല്‍കുവാനും ആദ്യമായി ഇത്തവണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.   
മദീനയില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഡിസ്പന്‍സറിയും, 3 ബ്രാഞ്ച് ഡിസ്പന്‍സറികളും, മക്കയില്‍ 3 ആശുപത്രികളും, 16 ഡിസ്പന്‍സറിയും കൂടാതെ അറനൂറോളം ഉദ്ധ്യോഗസ്ഥരും, ഇതില്‍ 101 വനിതാ ഉദ്ധ്യോഗസ്ഥരും, ഡോക്ടര്‍മാരും,   സേവനത്തിനായുണ്ട്.
മിനയില്‍ രണ്ടുനേരം ബുഫെ മാതൃകയില്‍ ഭക്ഷണത്തിനും, ഇസ്‌ലാമിക് ഡെവലപ്പ്‌മെന്റ് ബാങ്കുമായി സഹകരിച്ച് അറവ് കൂപ്പണുകളുടെ ലഭ്യതയും  ഉറപ്പുവരുത്തിയിട്ടുണ്ട്.
ഹാജിമാരെ സഹായിക്കാന്‍ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പുകള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഐ.ടി. വിഭാഗം തയാറാക്കിയിട്ടുണ്ട്.
കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജജ് കോൺസൽ വൈ. സാബിർ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
 Top