23 August Friday

ദുബായ് ബസ്‌ അപകടം : 6 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

അനസ് യാസിന്‍Updated: Sunday Jun 9, 2019

ദുബായ്
ദുബായിൽ സമീപകാലത്തുണ്ടായതിൽവച്ച് ഏറ്റവും വലിയ ബസ് അപകടത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചുതുടങ്ങി.  മരിച്ച 17 പേരിൽ 12 പേർ ഇന്ത്യക്കാരാണ്, ഏഴുപേർ മലയാളികളും. മൃതദേഹങ്ങൾ ഞായറാഴ്ചയോടെ നാട്ടിലെത്തിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനങ്ങളിലാണ് മൃതദേഹങ്ങൾ എത്തിക്കുന്നത്.

തൃശൂർ തളിക്കുളം സ്വദേശി കൈതക്കൽ അറക്കൽ വീട്ടിൽ ജമാലുദ്ദീന്റെ മൃതദേഹം എയർ ഇന്ത്യ എക‌്സ‌്‌പ്രസ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോയി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.  തലശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ, മകൻ നബീൽ എന്നിവരുടെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടു പോയി. ഉമറിന്റെ ഇളയ സഹോദരൻ ഷാർജയിൽ ജോലി ചെയ്യുന്ന ഇസ്ഹാഖ് മൃതദേഹത്തെ അനുഗമിച്ചു. തൃശൂർ സ്വദേശി കിരണിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ട് ദുബായിൽനിന്ന് കൊണ്ടുപോയി.  ഉമ്മർ, നബീൽ, കിരൺ എന്നിവരുടെ മൃതദേഹം ശനിയാഴ്ച രാത്രി കോഴിക്കോട്ടെത്തിച്ചു. രാത്രിയോടെ ദുബായിൽനിന്ന‌് കൊണ്ടുപോയ കോട്ടയം പാമ്പാടി സ്വദേശി വിമൽ കുമാർ കാർത്തികേയൻ, തിരുവനന്തപുരം സ്വദേശി ദീപ കുമാർ എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരത്തെത്തിച്ചു. കണ്ണൂർ മൊറാഴ സ്വദേശി പുതിയപുരയിൽ രാജന്റെ മൃതദേഹം ഞായറാഴ്ച പകൽ നാട്ടിലെത്തിക്കും. പുലർച്ചെ 2.25ന് ദുബായിൽനിന്ന് പുറപ്പെട്ട എക‌്സ‌്‌പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്കാണ് മൃതദേഹം എത്തിക്കുക.

മരിച്ച ഉത്തരേന്ത്യൻ സ്വദേശിനി രോഷ്‌നി മൂൽചാന്ദ്‌നിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിക്കുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ അറിയിച്ചു. അപകടത്തിൽ മരിച്ചത് ഏഴ് മലയാളികളാണെന്ന് സ്ഥിരീകരിച്ചു. എട്ട് മലയാളികൾ മരിച്ചെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മരിച്ച  വാസുദേവൻ വിഷ്ണുദാസ് മുംബൈ സ്വദേശിയാണ്. മൃതദേഹം ശനിയാഴ്ച രാത്രി മുബൈയിലേക്ക് കൊണ്ടുപോയി.

മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ശനിയാഴ്ച മുഹൈസിനായിലെ എംബാമിങ‌് സെന്ററിൽ എത്തി. ഇവരെ കോൺസൽ ജനറൽ സന്ദർശിച്ച് അനുശോചനം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലയക്കാനുള്ള ചെലവ് തൊഴിലുടമകൾ വഹിക്കാത്ത കേസുകളിൽ എംബസി സൗജന്യമായി കൊണ്ടുപോകൻ ഏർപ്പാടാക്കിയതായി അദ്ദേഹം പറഞ്ഞു. അപകടത്തിൽ പലരുടെയും പാസ്‌പോർട്ടുകൾ നശിച്ചിട്ടുണ്ട്. ഇവർക്ക് സൗജന്യമായി എമർജൻസി സർട്ടിഫിക്കറ്റ് നൽകി. 

മസ്‌കത്തിൽനിന്ന് ദുബായിലേക്ക് വരികയായിരുന്ന ഒമാൻ ഗതാഗതവകുപ്പിന്റെ മൊഹിസലാത്ത് ബസാണ് വ്യാഴാഴ്ച  അപകടത്തിൽപ്പെട്ടത്. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദീയ മെട്രോ സ്റ്റേഷനു സമീപം ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ സ്ഥാപിച്ച സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top