19 June Wednesday

സൗദിയില്‍ വിദേശികളടക്കം തടവുകാരെ വിട്ടയച്ചു തുടങ്ങി

അനസ് യാസിന്‍Updated: Thursday May 9, 2019

മനാമ> സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ ജയിലുകളില്‍നിന്ന് തടവുകാരെ വിട്ടയച്ചു തുടങ്ങി. റമദാന്‍ പ്രമാണിച്ചാണ് സ്വദേശികളും വിദേശികളുമായ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
1500 ലേറെ തടവുകാരെ ഇതുവരെ വിട്ടയച്ചിട്ടുണ്ട്.

പൊതുമാപ്പിന് അര്‍ഹരായ തടവുകാരെ എത്രയും വേഗം വിട്ടയക്കാനാണ് തീരഒമാനം. തടവുകാരുടെ ഫയലുകള്‍ പഠിക്കുന്ന കമ്മിറ്റികള്‍ ഇതിനായി ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നു. മക്ക പ്രവിശ്യയിലെ വിവിധ ജയിലുകളില്‍നിന്ന് 600 ലേറെ തടവുകാരെ വിട്ടയച്ചു. മദീന പ്രവിശ്യയില്‍ 253 തടവുകാരെ ആദ്യ ദിവസം തന്നെ പൊതുമാപ്പില്‍ വിട്ടയച്ചു. ഇതില്‍ 169 പേര്‍ സ്വദേശികളും 84 പേര്‍ വിദേശികളുമാണ്. വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ ജയിലുകളില്‍നിന്ന് 60 തടവുകാരെയും അല്‍ജൗഫ് പ്രവിശ്യയിലെ സകാക്ക ജയിലില്‍നിന്ന് 26 പേരെയും വിട്ടയച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ 348 തടവുകാരെ വിട്ടയച്ചതായി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറേറ്റ് അറിയിച്ചു. ഇവരില്‍ 297 പേര്‍ സൗദികളും 51 പേര്‍ വിദേശികളുമാണ്.

അതേസമയം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന വിദേശ പൗരന്മാര്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷവും പിഴ അടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ജയിലില്‍ കഴിയേണ്ടിവന്ന വിദേശികള്‍ക്ക് ഇതുവഴി മോചനം സാധ്യമാകും. അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴ ഒഴിവാക്കാനാണ് നിര്‍ദേശം. അഞ്ച് ലക്ഷം റിയാലില്‍ അധികം പിഴ ഒടുക്കാനുള്ള കേസില്‍ പ്രതികള്‍ക്ക് തുക നല്‍കാന്‍ സാധ്യമല്ലെന്ന് സ്ഥിരീകരിച്ചാല്‍ പൊതുഖജനാവിന്റെ പ്രതിനിധി മുഖേന, ഇവരുടെ കേസുകള്‍ പ്രത്യേക കോടതികള്‍ക്ക് കൈമാറും. പിഴ ശിക്ഷക്ക് പകരം ജയില്‍വാസമാക്കി മാറ്റും. തുടര്‍ന്ന് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയാല്‍ പ്രതികളെ സൗദിയില്‍നിന്ന് നാടുകടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 


പ്രധാന വാർത്തകൾ
 Top