25 May Monday

കോവിഡ് 19 മുന്‍കരുതല്‍: വാങ്ക് കൊടുത്ത് പത്ത് മിനിറ്റിനകം നിസ്‌കരിക്കണമെന്ന് സൗദി മന്ത്രി

എം എം നഈംUpdated: Monday Mar 9, 2020

ദമ്മാം > സൗദി മസ്ജിദുകളില്‍ തത്കാലികമായി വാങ്ക് വിളിച്ച് പത്ത് മിനിറ്റിനകം നിസ്‌കാരം നിര്‍വഹിച്ചിരിക്കണമെന്ന് ഇസ്‌ലാമിക പ്രബോധന മന്ത്രി ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളിയാഴ്ച ഖുതുബ പതിനഞ്ച് മിനിറ്റില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മസ്ജിദുകളില്‍ നോമ്പു തുറപ്പിക്കുന്നതിനു നിരോധനമുണ്ട്. കൂടാതെ ഇഅ്തികാഫ് ഇരിക്കുന്നതിനു കാരക്കയും മറ്റും വിതരണം ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോഗിച്ച വെള്ള കപ്പുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം സൗദിയില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം പതിനഞ്ചായി ഉയര്‍ന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരെല്ലാം സൗദിക്കു പുറത്ത് നിന്ന് എത്തിയവരാണ്. വിമാനത്താവളങ്ങളിലും സൗദിയിലേക്കുള്ള ഇതര കവാടങ്ങളിലും 5 ലക്ഷത്തില്‍പരം പേരെ പരിശോധന നടത്തിയെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക് തത്കാലികമായി അവധി നല്‍കിയത് മുന്‍കരുതല്‍ എന്ന നിലക്കാണന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തി്ട്ടില്ല.

കോവിഡ് 19 പ്രതിരോധിക്കാന്‍ ലോകരാഗ്യ സംഘടനക്കു സൗദി സര്‍ക്കാര്‍ പത്ത് ദശലക്ഷം റിയാല്‍ സംഭാവന നല്‍കി. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ത്ഥന മാനിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ധന സഹായം നല്‍കാന്‍ നിര്‍ദേശം നല്‍കിയതെന്ന് സൗദി ഭരണാധികാരിയുടെ ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ മാനവ സഹായ സെന്റെര്‍ മേധാവിയുമായ ഡോ. അബ്ദുല്‍ അസീസ് അല്‍റബീഅ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top