30 May Saturday

കേളി ഇടപെടല്‍: തുടര്‍ ചികില്‍സക്കായി തുളസീധരനെ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

റിയാദ് > അസുഖ ബാധിതനായി ശസ്ത്രക്രിയക്ക് വിധേയനായ  തിരുവനന്തപുരം വെമ്പായം സ്വദേശി തുളസീധരനെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു. കഴിഞ്ഞ പതിനാലു വര്‍ഷമായി റിയാദില്‍ ടൈല്‍സ് ജോലി ചയ്തു വരുന്ന തുളസീധരന്‍    വയറു വേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം   റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. വേദന കഠിനമായതിനെ തുടര്‍ന്ന് ബന്ധുവായ സുനിലിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കള്‍  തുളസീധരനെ ഷുമൈസിയിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിക്കുകയും അന്നുതന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ഏഴു ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ്  ആവുകയും ചെയ്തു.

തുടര്‍ ചികിത്സക്ക് വഴിയില്ലാതെ ബത്തയിലെ റൂമില്‍ കഴിയുന്ന തുളസീധരന്റെ അവസ്ഥ നാട്ടില്‍ നിന്നുമാണ് കേളിയെ അറിയിക്കുന്നത്. തുടര്‍ന്ന്  കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി അംഗം സെന്‍ ആന്റണിയുടെ നേതൃത്വത്തില്‍ കേളി പ്രവര്‍ത്തകര്‍ തുളസീധരനെ  സന്ദര്‍ശിക്കുകയും, ഇക്കാമയുടെ കാലാവധി മൂന്നു മാസമായി അവസാനിച്ചിട്ടെന്നും, പാസ്‌പോര്‍ട്ട് സ്പോണ്‍സറുടെ  കൈവശമാണെന്നുമുള്ള വിവരങ്ങളാണ്  അറിയാന്‍ കഴിഞ്ഞത്. വിഷയം ഏറ്റെടുത്ത  കേളി ജീവകാരുണ്യ വിഭാഗം, ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തുകയും, വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തുളസീധരനെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ എംബസി സ്വീകരിക്കുകയും ചെയ്തു.

ലേബര്‍ അറ്റാഷെ ശ്യാം സുന്ദര്‍, ഔട്ട്പാസ്സും തര്‍ഹീലില്‍ നിന്ന് എക്‌സിറ്റ് അടിക്കാനുള്ള രേഖകളും നല്‍കി. തുടര്‍ന്ന് കേളി പ്രവത്തകര്‍ തര്‍ഹീലില്‍ പോയി എക്‌സിറ്റ് അടിച്ചു നാട്ടിലേക്കു പോകാനുള്ള  അവസരം ഒരുക്കുകയും ചെയ്തു. വിഷമഘട്ടത്തില്‍ തന്നെ സഹായിച്ച കേളിയെയും കേളി പ്രവര്‍ത്തകരെയും, വിഷയത്തില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച എംബസി ഉദ്യോഗസ്ഥരെയും നന്ദി അറിയിച്ച്  കഴിഞ്ഞ ദിവസത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ തുളസീധരന്‍ നാട്ടിലേക്ക് തിരിച്ചു.


പ്രധാന വാർത്തകൾ
 Top