12 August Wednesday

വന്ദേ ഭാരത്: സൗദിയില്‍നിന്നുള്ള ടിക്കറ്റ്‌നിരക്ക്‌ കുത്തനെ കൂട്ടി; എയർ ഇന്ത്യ ഈടാക്കുന്നത് സീസണിൽപോലും വാങ്ങാതിരുന്ന നിരക്ക്

അനസ് യാസിന്‍Updated: Monday Jun 8, 2020


മനാമ
കോവിഡ്‌ കാരണം പ്രതിസന്ധിയിലായ പ്രവാസികളെ തിരികെ കൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ പല സെക്ടറിലും കേന്ദ്ര സർക്കാർ ടിക്കറ്റ്‌ നിരക്ക്‌ കൂട്ടി. സൗദി - കേരള സെക്ടറിൽ ചാർജ് കുത്തനെ വർധിപ്പിച്ചു. മറ്റ്‌ ചില സെക്ടറിൽ നാമമാത്ര വർധനയുണ്ട്.

ദമാമിൽനിന്നും റിയാദിൽനിന്നും ആദ്യ ഘട്ടത്തിൽ കേരളത്തിലേക്ക് 900-–-950 റിയാലായിരുന്നു ടിക്കറ്റ്‌ നിരക്ക്. ഇത് ഇരട്ടിയാക്കി. ഇപ്പോൾ ദമാം–-കണ്ണൂർ സെക്ടറിൽ ടിക്കറ്റ് നിരക്ക് 1,700 റിയാലാക്കി. കൊച്ചിയിലേക്ക് 1,170 റിയാൽ.ജിദ്ദയിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1,700 റിയാലും കോഴിക്കോട്ടേക്ക് 1,750 റിയാലുമാണ് ടിക്കറ്റ് നിരക്ക്. റിയാദിൽനിന്ന് കണ്ണൂരിലേക്ക് 1350 റിയാലാണ് ഈടാക്കുന്നത്. 

ജൂൺ 10 മുതൽ 16 വരെ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് സൗദിയിൽനിന്ന് 11 വിമാന സർവീസാണുള്ളത്. ഈ സർവീസുകൾക്കാണ് ടിക്കറ്റ്‌ നിരക്ക് കുത്തനെ വർധിപ്പിച്ചത്. പാവപ്പെട്ട പ്രവാസികളെ കൊള്ളയടിക്കലായി മാറുകയാണ് വന്ദേ ഭാരത് ദൗത്യവും.

സീസണിൽപോലും വാങ്ങാതിരുന്ന നിരക്കാണ് എയർ ഇന്ത്യ ഇപ്പോൾ ഈടാക്കുന്നത്.വിദേശ നാണയ വിനിമയ നിരക്കിന്റെ പേരിൽ ദോഹയടക്കമുള്ള ചില സെക്ടറിൽ 200 മുതൽ 400 രൂപവരെയും വർധിപ്പിച്ചിട്ടുമുണ്ട്. അതേസമയം, കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സൗദി സെക്ടറിൽ ടിക്കറ്റ്‌ നിരക്ക് വർധിപ്പിച്ചതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top