10 July Friday

റാപിഡ് ടെസ്റ്റ് അബുദാബിയില്‍ മാത്രം

അനസ് യാസിന്‍Updated: Thursday May 7, 2020

മനാമ
കൊറോണ പ്രതിസന്ധിയില്‍ ഗൾഫിൽ കുടുങ്ങിയ മലയാളികൾ വ്യാഴാഴ്ചമുതൽ നാട്ടിലെത്തും. യുഎഇയിൽനിന്ന്‌ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഐഎക്‌സ് 344 പകൽ 2.10ന് ദുബായിൽനിന്ന് പുറപ്പെട്ട് രാത്രി 7.40ന് കോഴിക്കോട്ടെത്തും. വിമാനത്താവളത്തിൽ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. രോഗലക്ഷണമില്ലാത്തവരെമാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ. മറ്റിടങ്ങളിൽ റാപിഡ് ടെസ്റ്റ് ഉണ്ടാകില്ല.

ഖത്തറിൽനിന്ന് 40,000 പേരാണ് മടങ്ങാൻ രജിസ്റ്റർ ചെയ്തത്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.35ന് ദോഹയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 6.15ന് കൊച്ചിയിലെത്തും. ബഹ്‌റൈനിൽ 13,000 പേർ രജിസ്റ്റർ ചെയ്തു. ആദ്യ വിമാനം വെള്ളിയാഴ്ച 4.30ന് കൊച്ചിയിലേക്കാണ്. കൊച്ചിയിലേക്ക് 84 ദിനാറും (16,758 രൂപ) കോഴിക്കോട്ടേക്ക് 79 ദിനാറുമാണ് (15,760 രൂപ) ടിക്കറ്റ് നിരക്ക്. സൗദിയിൽനിന്ന് ആദ്യ വിമാനം വെള്ളിയാഴ്ചയാണ്. പകൽ 12.35ന് റിയാദിൽനിന്ന്‌ കോഴിക്കോട്ടേക്കാണ് വിമാനം. കുവൈത്തിൽനിന്ന്‌ കേരളത്തിലേക്കുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും. കൊച്ചിയിലേക്കുള്ള വിമാനത്തിന് 19,000 രൂപയാണ് നിരക്ക്. എംബസികൾ നിശ്ചയിച്ച മുൻഗണനാ പട്ടിക പ്രകാരമാണ് യാത്ര.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top