20 January Monday

228 കോടി രൂപ ദിയാധനം; വനിതാ മാധ്യമ പ്രവര്‍ത്തകയെ കൊന്ന കേസില്‍ പ്രതിക്ക് മോചനം

അനസ് യാസിന്‍Updated: Tuesday May 7, 2019

ഹിദായ അല്‍ സലീം, ഖാലിദ് അല്‍ ആസ്മി

മനാമ> പ്രശസ്ത കുവൈത്ത് മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഹിദായ സുല്‍ത്താന്‍ അല്‍ സലാം വധക്കേസില്‍ പ്രതിയായ മുന്‍ പൊലിസ് ഉദ്യോഗസ്ഥന് മോചനം. ഒരു കോടി കുവൈത്തി ദിനാര്‍ (ഏതാണ്ട് 228 കോടി രൂപ) ദിയാധനമായി കൈമാറിയാണ് പ്രതിയുടെ മോചനം സാധ്യമാക്കിയത്.
 
ചരിത്രത്തിലെ ഏറ്റവും വലിയ ദിയാധന(ബ്ലഡ് മണി)മാണിതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട ഖാലിദ് നഖാ അല്‍ ആസിമിയുടെ അല്‍ അവാസിം ഗോത്രം രണ്ടു ദിവസത്തിനകമാണ് ഇത്രയും വലിയ തുക സമാഹരിച്ചത്. ധനസമാഹരണത്തിന് സാമൂഹ്യ കാര്യ മന്ത്രാലയത്തിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും നിയമപരമായ അംഗീകാരവും വാങ്ങിയിരുന്നു.
 
2001 മാര്‍ച്ച് 20നാണ് കേസിനാസ്പദമായ സംഭവം. അല്‍ മജിലിസ് മാഗസിന്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു ഹിദായ സുല്‍ത്താന്‍ അല്‍ സലാം(66). കുവൈത്ത് വനിതാ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കാന്‍ കാറില്‍ പോകുന്നതിനിടെ കാര്‍ തടഞ്ഞു നിര്‍ത്തി ഹിദായയെ നല്‍പ്പതുകാരനായ പ്രതി സ്വന്തം പിസ്റ്റളെടുത്ത് വെടിവെച്ചു കൊല്ലുകയായിരുന്നു. തലയില്‍ ആറു ബുള്ളറ്റ് കൊണ്ട് ഇവര്‍ തല്‍ക്ഷണം മരിച്ചു. പ്രതി ഖാലിദ് നഖാ അല്‍ ആസിമി പൊലിസ് ലഫറ്റനന്റ് കേണലായിരുന്നു. 
ഹിദായ എഴുതിയ ഒരു ലേഖനത്തില്‍ അല്‍ അവാസിം ഗോത്രത്തിലെ വനിതകളെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഗോത്രം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വനിതാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഹിദായ അഴിമതിക്കെതിരെയും ശക്തമായ പോരാട്ടം നടത്തിയിരുന്നു.
 
കൃത്യത്തിനുശേഷം പ്രതി രക്ഷപ്പെട്ടതിനാല്‍ കൊലപാതക കാരണം അവ്യക്തമായി. അഴിമതി വിരുദ്ധ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നതിനാല്‍ രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും കേസില്‍ തുമ്പുണ്ടായില്ല. തുടര്‍ന്ന് കേസ് അന്വേഷണത്തില്‍ കുവൈത്ത് അന്വേഷണ സംഘം ഈജിപ്ഷ്യന്‍ ഡിറ്റക്ടീവിന്റെ സഹായം തേടി.
 
കൊലപാതകത്തിന് ഉപയോഗിച്ച വെടിയുണ്ട സുരക്ഷാ ഭടന്മാര്‍ ഉപയോഗിക്കുന്ന ഇനത്തില്‍പെട്ടതാണെന്നും സുരക്ഷാ സൈനികര്‍ ഒഴികെ മറ്റാര്‍ക്കും ഈയിനം വെടിയുണ്ടകള്‍ വിതരണം ചെയ്യാറില്ലെന്നും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ കണ്ടെത്തി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അല്‍ അവാസിം ഗോത്രം ഹിദായക്കെതിരെ രംഗത്തുവന്നതും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഗോത്രാംഗമായ പ്രതിയിലേക്ക് അന്വേഷണം നീണ്ടു. ആദ്യം പ്രതി കുറ്റം നിഷേധിച്ചെങ്കിലും വിശദ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
 
കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഖാലിദ് നഖാ അല്‍ ആസിമിക്ക് വധശിക്ഷക വിധിച്ചു. ഇത് അപ്പീല്‍ കോടതിയും ശരിവെച്ചു. പിന്നീട് പരമോന്നത കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. പ്രതി 19 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് കൊല്ലപ്പെട്ട ഹിദായയുടെ ബന്ധുക്കള്‍ ദിയാധനം സ്വീകരിച്ച് മോചനത്തിന് അനുമതി നല്‍കിയത്. നാല്‍പ്പതു വര്‍ഷക്കാലമേറയായി മാധ്യമ പ്രവര്‍ത്തകയായിരുന്ന ഇവര്‍ അറിയപ്പെടുന്ന ഫെമിനിസ്റ്റും ദി അറബ്‌സ്, വിമണ്‍ ഇന്‍ ഖുര്‍ ആന്‍ എന്നീ ഗ്രന്ധങ്ങളുടെ കര്‍ത്താവുമാണ്.

പ്രധാന വാർത്തകൾ
 Top