11 July Saturday

​ഗള്‍ഫില്‍നിന്ന്‌ അധികനിരക്ക് ; സാമൂഹ്യ അകലം പാലിച്ചാൽ നിരക്ക് ഇരട്ടിയാകുമെന്ന്‌ എയർലൈൻസ് വൃത്തങ്ങൾ

അനസ് യാസിന്‍Updated: Wednesday May 6, 2020

മനാമ
ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനായി നിര്‍ദേശിക്കുന്നത് സാധാരണ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്ക്. വിമാനത്തിനുള്ളില്‍ സാമൂഹ്യ അകലം പാലിച്ചാൽ നിരക്ക് ഇരട്ടിയാകുമെന്നും എയർലൈൻസ് വൃത്തങ്ങൾ പറയുന്നു. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസുമാണ് സർവീസ് നടത്തുന്നത്. ഏഴുമുതൽ 13 വരെ 15 വിമാനം  2750 പേരെ കേരളത്തിലെത്തിക്കും.

എംബസികൾ നൽകുന്ന മുൻഗണനാ ലിസ്റ്റ് പ്രകാരമാണ് യാത്ര. യുഎഇയിൽ വ്യാഴാഴ്ച പോകേണ്ടവരുടെ ലിസ്റ്റ് എയർ ഇന്ത്യ എക്‌സ്‌പ്രസിന് കൈമാറിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുഎഇയിൽനിന്ന്‌ പത്തും സൗദിയിൽനിന്നും കുവൈത്തിൽനിന്നും അഞ്ചും സർവീസാണ് ആദ്യ ഘട്ടം കേരളത്തിലേക്ക് തീരുമാനിച്ചത്. ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് രണ്ടുവീതം സർവീസും ഉണ്ടാകും.

യുഎഇയിൽനിന്ന്‌ മടങ്ങുന്നവര്‍ക്കായി വ്യാഴാഴ്ച അബുദാബിയിൽനിന്ന് കൊച്ചിയിലേക്കും ദുബായിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനം. എയർ ബസ് എ 320 ഉപയോഗിച്ച് എയർ ഇന്ത്യൻ എക്‌സ്‌പ്രസാണ് സർവീസ് നടത്തുക. അതേ ദിവസം ദോഹയിൽനിന്ന് കൊച്ചിയിലേക്കും റിയാദിൽനിന്ന് കോഴിക്കോട്ടേക്കും സർവീസുണ്ട്. നാലു വിമാനത്തിലായി 800 പേരെ ആദ്യ ദിവസം കേരളത്തിലെത്തിക്കും.എട്ടിന് ബഹ്‌റൈൻ–- -കൊച്ചി, ഒമ്പതിന് കുവൈത്ത്-–- കൊച്ചി, മസ്‌കത്ത്-–- കൊച്ചി, പത്തിന് ദോഹ–-- തിരുവനന്തപുരം, 11ന് ദമാം-–- കൊച്ചി, ബഹ്‌റൈൻ–- - കോഴിക്കോട്, 13ന് കുവൈത്ത്–-- കോഴിക്കോട് എന്നിങ്ങനെയാണ് സർവീസ് ക്രമീകരിച്ചത്.

നാട്ടിലേക്ക് തിരിച്ചുപോകാൻ താൽപ്പര്യം പ്രകടിപ്പിച്ച് നോർക്കയിൽ നാലര ലക്ഷത്തിലേറെ മലയാളികൾ രജിസ്റ്റർ ചെയ്തിരുന്നു. നാനൂറിലേറെ യാത്രക്കാരെ കൊള്ളുന്ന ബോയിങ്‌ 747 പോലുള്ള വൻകിട എയർ ക്രാഫ്റ്റുകൾ എയർ ഇന്ത്യ ഉപയോഗിക്കണമെന്നും ആവശ്യം  ഉയരുന്നുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർ, തൊഴിലാളികൾ എന്നിവരെ സ്വന്തം ചെലവിൽ ഇന്ത്യയിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യം ഇന്ത്യ പരിഗണിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top