19 October Saturday

ഫാസിസത്തെ ചെറുക്കാന്‍ എളുപ്പ മാര്‍ഗ്ഗം സാംസ്‌കാരിക കൂട്ടായ്മ; ഡോ. ശ്രീകല മുല്ലശ്ശേരി

സഫറുള്ള പാലപ്പെട്ടിUpdated: Sunday May 5, 2019

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ഡോ. ശ്രീകല മുല്ലശ്ശേരി സംസാരിക്കുന്നു

അബുദാബി> നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിക്കുമ്പോള്‍ സാമൂഹ്യവിരുദ്ധര്‍ കടന്നുകൂടുമെന്നും, അതിനെ പ്രതിരോധിക്കുവാനും ഫാസിസത്തെ ചെറുത്തുതോല്‍പിക്കുവാനും ഏറ്റവും ശക്തവും എളുപ്പവുമായ മാര്‍ഗ്ഗം സാംസ്‌കാരിക കൂട്ടായ്മകളാണെന്നും പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഡോ. ശ്രീകല മുല്ലശ്ശേരി അഭിപ്രായപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ 2019 2020 പ്രവര്‍ത്തനവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീയും പുരുഷനും തുല്യരാണെന്ന് വാദിച്ചെടുക്കുന്ന ആധുനിക സമൂഹത്തിലാണ് ശബരിമല വിധിയെ തുടര്‍ന്ന് തങ്ങള്‍ അശുദ്ധരാണെന്നു പറഞ്ഞുകൊണ്ട് ചിലര്‍ മുന്നോട്ട് വന്നത്. ഇത്തരം ശക്തികള്‍ നിലനില്‍ക്കുന്നിടത്താണ് ഇവയെയെല്ലാം വകഞ്ഞുമാറ്റിക്കൊണ്ട് സ്ത്രീകള്‍ മുന്നോട്ട് പോകുന്നത്.

ആര്‍ത്തവത്തെ കുറിച്ച് പരസ്യമായി സംസാരിക്കാന്‍ മടിച്ചിരുന്ന ഒരു സമൂഹം ശബരിമല വിവാദത്തെ തുടര്‍ന്ന് ആര്‍ത്തവത്തെ കുറിച്ച് ധൈര്യപൂര്‍വ്വം സംസാരിക്കാനുള്ള ഒരു സാമൂഹിക സാഹചര്യത്തിലേയ്ക്ക് വളര്‍ന്നു എന്നത് ഒരു സാമൂഹികമാറ്റം കൂടിയാണ്. ശബരിമലയ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൈക്കൊണ്ട് ധീരവും അചഞ്ചലവുമായ നിലപാട് സ്ത്രീകളുടെ ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ആവേശവും പകര്‍ന്നിരിക്കുകയാണ്.

സ്ത്രീകള്‍ എത്രമാത്രം അടിച്ചമര്‍ത്തപ്പെടുന്നുവോ അത്രത്തോളമോ അതിലധികമോ ഊര്‍ജ്ജം സംഭരിക്കാന്‍ അവര്‍ക്കാകുന്നു. ആ ഊര്‍ജ്ജം പുറത്തെടുക്കുക എന്നതാണ് ഓരോ സ്ത്രീയുടേയും ധര്‍മ്മം. ശ്രീകല തുടര്‍ന്നു പറഞ്ഞു. കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഷൈനി ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സിന്ധു ലാലി(അബുദാബി മലയാളി സമാജം), പ്രിയ ബാലു (അബുദാബി ശക്തി തിയറ്റേഴ്‌സ്), ശ്രീജ കൃഷ്ണകുമാര്‍ (യുവകലാസാഹിതി), അനുപ ബാനര്‍ജി (ഫ്രണ്ട്‌സ് എഡിഎംഎസ്), രജനി പ്രകാശ്  (കല അബുദാബി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സെന്ററിന്റെ സ്‌നേഹോപഹാരം ഡോ. ശ്രീകല മുല്ലശ്ശേരിക്ക് വനിതാവിഭാഗം കണ്‍വീനര്‍ ഷൈനി ബാലചന്ദ്രന്‍ സമ്മാനിച്ചു. സെന്റര്‍ വനിതാ വിഭാഗം ജോ. കണ്‍വീനര്‍ ജിനി സുജില്‍ സ്വാഗതവും രാഖി രഞ്ജിത് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് റഫീഖ് അഹമ്മദിന്റെ 'അത്രയും' എന്ന കവിതയുടെ രംഗാവിഷ്‌കാരം, അഞ്ജലി ജസ്റ്റിനും സംഘവും അവതരിപ്പിച്ച സംഘ നൃത്തം, കോമഡി ഫെസ്റ്റിവല്‍ ഫെയിം ടി. ആര്‍. ബിന്ദു അവതരിപ്പിച്ച അനുകരണഗാനം, വൈക്കം മുഹമ്മദ് ബഷീറിന്റെ സ്ത്രീ കഥാപാത്രങ്ങളെ ആധാരമാക്കി ബാബുരാജ് പിലിക്കോട് രചിച്ച് ബിന്ദു ഷോബി സംവിധാനം ചെയ്ത 'എടിയേ....' എന്ന ലഘുനാടകം എന്നീ കലാപരിപാടികള്‍ അരങ്ങേറി.


പ്രധാന വാർത്തകൾ
 Top