07 July Tuesday

രാജ്യത്ത്‌ തൊഴിലില്ലായ്മ ഭയാനകമായ രീതിയില്‍: ആനത്തലവട്ടം ആനന്ദന്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019

മനാമ >  ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് ഭീതിജനകമാം വിധം  വര്‍ധിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ് അംഗവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കഴിഞ്ഞ 45 വര്‍ഷത്തിനിടെയിലലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനില്‍ എത്തിയ അദ്ദേഹം പ്രതിഭ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യയിലെ 46  കോടി ജനങ്ങള്‍ തൊഴിലാളികളാണ്. അവര്‍ക്ക് തുച്ഛ വരുമാനമാണ് ലഭിക്കുന്നത്. അതില്‍ 62  ശതമാനത്തിനും സ്ഥിര നിയമനമോ തൊഴില്‍ സ്ഥിരതയോ ഇല്ല. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ തുടര്‍ന്ന് റോബോട്ടുകളാണ് ഇപ്പോള്‍ പണിയെടുക്കുന്നത്.

 തൊഴിലാളികള്‍ ഇല്ലാത്ത വ്യവസായം ആണ് ആധുനിക മുതലാളിത്വം ലക്ഷ്യമിടുന്നത്. അപ്പോള്‍ പണിമുടക്കും അവകാശ സംരക്ഷണവും ആനുകൂല്യങ്ങളും ഒന്നും ആവശ്യമായിവരുന്നില്ല. ഇത് പരിമിത കുത്തകകളില്‍ രാജ്യത്തിന്റെ സമ്പത്തു കുമിഞ്ഞു കൂടാന്‍ കാരണമാകുന്നു. ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 78 ശതമാനം വെറും 110  ശതകോടീശ്വരമാരുടെ കയ്യിലാണ്. ഇവര്‍ക്ക് അനുകൂലമായ സമ്പന്ന വര്‍ഗതാല്പര്യം സംരക്ഷിക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലുള്ളത്. 

ശക്തമായ പൊതുമേഖലയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. എന്നാല്‍ അവയെ വിറ്റുതുലക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്യുന്നത് ഏഴര ലക്ഷം കോടിയുടെ പൊതുമേഖലാ ഓഹരികളാണ് സമീപ കാലത്തു വിറ്റത്. അമേരിക്കന്‍ പ്രകൃതിവാതക എണ്ണ ഖനന കമ്പനിയായ ടെലൂറിയ ഈയിടെ ഇന്ത്യയിലെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോനെറ്റുമായി വമ്പന്‍ കരാറിലൊപ്പിട്ടിരുന്നു.

 നരന്ദ്രേ മോദിയെ താരപരിവേഷത്തോടെ അമേരിക്കയില്‍ അവതരിപ്പിച്ച "ഹൗഡി മോഡി' പരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്നു ടെലൂറിയ എന്നോര്‍ക്കണം. ഇന്ത്യയിലെ പ്രധാന പൊതുമേഖല എണ്ണക്കമ്പനികളായ ഗെയ്ല്‍, ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്തസംരംഭമാണ് പെട്രോനെറ്റ്.

രാജ്യം വിറ്റു തുലക്കുന്ന, തൊഴിലാളിവരുദ്ധ കേന്ദ്ര സമീപനങ്ങള്‍ക്കുള്ള ബദലായാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പൊതു വിദ്യാഭാസം, ആരോഗ്യം, ഭാവന നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ രംഗങ്ങളിലും കേരളം മറ്റു സംസ്ഥാങ്ങളെക്കാള്‍ വളരെ മുന്‍പിലാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് വളര്‍ച്ചയുടെ നിദാനം. അതിനു വഴിവെക്കുന്നതാകട്ടെ തൊഴിലാളിക്ക് ലഭിക്കുന്ന ജോലിയും ന്യായമായ കൂലിയുമാണ് .1957  മുതല്‍ അധികാരണത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇതിനാണ് പരിശ്രമിച്ചത് .എസ്എല്‍സിസി വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് 1957  ലെ ഇഎംഎസ് സര്‍ക്കാരാണ് .അതിന്റെ കൂടി ഭാഗമാണ് മലയാളികളുടെ ഗള്‍ഫ് പ്രവാസവും അതിന്റെ ഭാഗമായി കേരളം നേടിയ പുരോഗതിയുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസമേഖലയില്‍ പ്രതിഭ ഉള്‍പ്പെടയുള്ള സംഘടനകള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈന്‍ പ്രതിഭ ആസ്ഥാനത്തു നടന്ന സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷനായി. പി ശ്രീജിത് സംസാരിച്ചു. ജനറല്‍ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top