24 October Thursday

ഉന്മാദാവസ്ഥ മുതലെടുക്കുന്നതിൽ മോഡിയും ട്രംപും തുല്യർ - രാജാജി മാത്യു തോമസ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെയും യുവകലാസാഹിതിയുടെയും സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ മുൻ എംഎൽഎ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തുന്നു.

അബുദാബി> ജനാഭിലാഷം പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പുകളിലൂടെ ഒരു വിഭാഗത്തിന്റെ ഉന്മാദാവസ്ഥ മുതലാക്കി അധികാരം പിടിച്ചെടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തുല്യരാണെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമായ രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെയും യുവകലാസാഹിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച സെമിനാറിൽ 'വർത്തമാന ഇന്ത്യ - കേരളത്തിലെ ഇടതുപക്ഷ സർക്കാർ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തെ അസ്ഥിരീകരിക്കാൻ വർഗ്ഗീയ ശക്തികളുടെ ഈ ഉന്മാദാവസ്ഥ യെ കെട്ടഴിച്ച് വിടുന്ന ഭരണകൂട ഭീകരതയുടെ ഫലമായി ഇന്ത്യൻ ചരിത്രത്തിലെ അഭൂത പൂർവ്വവും ഭീഭത്സവും ഭീതിജനകവുമായ സാമ്പത്തിക കേന്ദ്രീകരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും രാജാജി പറഞ്ഞു.

അബുദാബി ശക്തി തിയറ്റേഴ്‌സ് ആക്ടിംഗ് പ്രസിഡന്റ് മധു പരവൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ കേരള സോഷ്യൽ സെന്റർ ആക്ടിംഗ് പ്രസിഡന്റ് പി. ചന്ദ്രശേഖർ, സാംസ്കാരിക പ്രവർത്തകൻ സഫറുള്ള പാലപ്പെട്ടി, യുവകലാസാഹിതി യുഎഇ ദേശീയ പ്രസിഡന്റ് ബാബു വടകര, യുവകലാസാഹിതി അബുദാബി പ്രസിഡന്റ് ആർ ശങ്കർ തോപ്പിൽ എന്നിവർ സംസാരിച്ചു.
ജനയുഗം ഫോറം സെക്രട്ടറി റോയ് വർഗ്ഗീസ് സ്വാഗതവും ശക്തി തിയറ്റേഴ്‌സ് ആക്ടിംഗ് ജനറൽ സെക്രട്ടറി സി. കെ. ശരീഫ് നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top