കുവൈറ്റ് സിറ്റി > മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ മൃഗീയമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രതിഷേധ പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ നാഗനാഥൻ അധ്യക്ഷനായി. കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം സി കെ നൗഷാദ് പ്രതിഷേധക്കുറിപ്പ് അവതരിപ്പിച്ചു. കലാലയങ്ങളിൽ പിടിമുറുക്കുന്ന മത തീവ്രവാദ സംഘടനകൾക്കെതിരെ മതേതര സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പരിപാടി അഹ്വാനം ചെയ്തു. ന്യൂനപക്ഷ സംരക്ഷകർ എന്ന മുഖം മൂടി അണിഞ്ഞെത്തുന്ന ഇവരെ ജനങ്ങൾ തിരിച്ചറിയണമെന്നും, ആശയ സംവാദത്തിലൂടെ അവരെ തകർക്കണമെന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു.
ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത് കുമാർ, കലയുടെ മുതിർന്ന അംഗം സാം പൈനുംമൂട്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സത്താർ കുന്നിൽ, ഐഎൻഎൽ കുവൈറ്റ് പ്രതിനിധി ഷരീഫ് താമരശ്ശേരി, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു, വനിതാവേദി അംഗം സജിത സ്കറിയ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിച്ചു. കുവൈറ്റിലെ മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു പരിപാടിയിൽ സംബന്ധിച്ചു. അഭിമന്യുവിനെക്കുറിച്ച് കല കുവൈറ്റ് പ്രവർത്തകനായ രാജീവ് ചുണ്ടമ്പറ്റ എഴുതിയ കവിത അദ്ദേഹം പരിപാടിയിൽ അവതരിപ്പിച്ചു. കല കുവൈറ്റ് ആക്റ്റിംഗ് ജനറൽ സെക്രട്ടറി മുസ്ഫർ സ്വാഗതവും, അബ്ബാസിയ മേഖല സെക്രട്ടറി പ്രിൻസ്റ്റൺ നന്ദിയും രേഖപ്പെടുത്തി. കുവൈറ്റിലെ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.