ദോഹ > നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആറാമതും സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരള ഫുട്ബാള്‍ ടീമിനെ ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് കെ മുഹമ്മദ് ഈസ അഭിനന്ദിച്ചു.
ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ഖത്തറിലെ കഴിഞ്ഞ സീസണ് ടൂര്‍ണമെന്റില്‍ ബൂട്ടണിഞ്ഞ വി കെ അഫ്ദലിന്റെ സാന്നിധ്യവും കഴിവും കേരള ടീമിലുണ്ടായിരുന്നത് ഖത്തര്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ് കപ്പ് നേട്ടത്തിലൂടെ ആസ്വദിക്കാനാവുന്നതെന്നും കെ മുഹമ്മദ് ഈസ പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബാളില്‍ ഒരുകാലത്ത് വമ്പന്‍ ടീമായിരുന്ന കേരളം ഇടക്കാലത്തെ മങ്ങലിന് ശേഷം വീണ്ടും തിരികെയെത്തുന്ന കാഴ്ചകള്‍ ഫുട്ബാള്‍ പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള ടീമിന്റെ വിജയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റേയും തന്റേയും ആഹ്ളാദവും അഭിനന്ദനവും രേഖപ്പെടുത്തുന്നതായും കെ മുഹമ്മദ് ഈസ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.