24 June Monday

വനിതാമതിലിന് ഐക്യദാര്‍ഢ്യവുമായി ബ്രിട്ടണില്‍ മനുഷ്യമതില്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 31, 2018

ലണ്ടന്‍ > നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനുവരി ഒന്നിന് കേരളമാകെ തീര്‍ക്കുന്ന വനിതാമതിന് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ മനുഷ്യമതില്‍ തീര്‍ത്തു. ഇന്ത്യ ഹൌസിനു മുന്‍പില്‍ ബ്രിട്ടണിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ 'സമീക്ഷടയുടെയും വനിത വിഭാഗമായ സ്ത്രീ സമീക്ഷ യുടെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബ്രിട്ടനിലെ മറ്റു പുരോഗമന സംസ്‌കാരിക പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ക്രാന്തി, ചേതന, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, പ്രോഗ്രസ്സിവ് റൈറ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരും അണിചേര്‍ന്നു.

ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന 150ല്‍ ഏറെ ആളുകള്‍ പങ്കെടുത്തു. കേരളത്തിലെ നവോത്ഥാന മൂല്യസരക്ഷണത്തിന്റെ പ്രാധാന്യവും, മതേതര സംരക്ഷണത്തിന്റെ അന്തസത്തയും, സ്ത്രീ പുരുഷ സമത്വത്തെയും, കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുതെന്നും, വീണ്ടും ജാതിമത വേര്‍തിരിവ് വേണ്ടെന്നും, വിളിച്ചോതുന്ന ഡിസ്‌പ്ലേ ബോര്‍ഡുകളും, ബാനറുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. മനുഷ്യമതിലില്‍ മലയാളികള്‍ക്ക് പുറമെ ബ്രിട്ടീഷുകാരും, പഞ്ചാബികളും പങ്കെടുത്തത് ഒരു വലിയ വിജയമായി എന്ന് സംഘാടകര്‍ പറഞ്ഞു.

ഇന്ത്യന്‍ ഹൈ കമ്മീഷനു ചുറ്റുമായി അണിനിരന്ന പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടനിലെ അസോസിയേഷന്‍ ഓഫ് എ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി ഹാര്‍സീവ് ബൈന്‍സ് പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി കൊടുത്തു. സമാപനയോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്നപ്രവീണ്  സ്വാഗതം പറഞ്ഞു. യോഗത്തെ  അഭിസംബോധന ചെയ്തു കൊണ്ട് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍  ജോയിന്റ് സെക്രട്ടറി ജോഗിന്ദര്‍, ചേതന എക്‌സികുട്ടീവ് അംഗം കവിത ലിയോസ്, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രേസിടെന്റും ബ്രിട്ടനിലെ ലേബര്‍ കൗണ്‍സിലറുമായ സുഗതന്‍ തെക്കേപ്പുര, ലോകകേരളസഭാംഗം കാര്‍മേല്‍ മിറാന്‍ഡ, പത്രപ്രവര്‍ത്തകനും പുരോഗമന ചിന്തകനുമായ മുരളിവെട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍  ദിനേശ് വെള്ളാപ്പള്ളി നന്ദി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top