20 November Wednesday

വ്യോമയാന കമ്പനികളുടെ കൊള്ള തടയാൻ പ്രധാനമന്ത്രി ഇടപെടണം: പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019



തൃശൂർ
ഓണക്കാലത്ത് ഗൾഫ് മലയാളികളെ വ്യോമയാന കമ്പനികൾ കൊള്ളയടിക്കുന്നത് തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എല്ലാ ഉത്സവക്കാലത്തും അവധിക്കാലത്തും വ്യോമയാനക്കമ്പനികൾ ടിക്കറ്റ് ചാർജ് നാലിരട്ടിവരെ വർധിപ്പിക്കുന്നു. ഈ ഓണക്കാലം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു കഴിഞ്ഞു.

ഉത്സവക്കാലത്ത് എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക്  ടിക്കറ്റ്നിരക്ക് യഥേഷ്ടം വർധിപ്പിക്കാൻ  വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരിക്കയാണ്. അതിന്റെ ചുവടു പിടിച്ച് ഗൾഫ് മേഖലയിലെ ഉൾപ്പെടെ വിദേശ വ്യോമയാന കമ്പനികളും ചാർജ് വധിപ്പിക്കുന്നു. ഇപ്പോൾ രണ്ടാം തവണ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗൾഫ് വ്യോമയാന കമ്പനികൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കാൻ ഇടപെടണം.

യുഎഇ, സൗദി, ഖത്തർ,  ഒമാൻ, കുവൈത്ത് തുടങ്ങിയ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഓണം അടുക്കുമ്പോൾ വീണ്ടും വർധിപ്പിക്കും. ഏറ്റവും കൂടുതൽ ചാർജ് വർധിപ്പിച്ചത് സൗദിയിലേക്കും ഖത്തറിലേക്കുമാണ്.  പ്രധാനമന്ത്രിയുടെ ഒന്നാം ഗൾഫ് സന്ദർശനകാലത്ത് മലയാളികളുൾപ്പെടെയുള്ള പ്രവാസികൾ നാടിന് ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെ നടത്തുന്ന ആകാശക്കൊള്ളയ്ക്ക് അറുതി വരുത്താൻ മോഡി സർക്കാർ തയ്യാറായിട്ടില്ല. 

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾക്ക് കേന്ദ്രം ധനസഹായം അനുവദിക്കണമെന്നും പ്രവാസി സംഘം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ വിദേശനാണ്യം രാജ്യത്തിന് സംഭാവന ചെയ്യുന്ന സംസ്ഥാനമായ കേരളത്തിലെ പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്രം പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കണമെന്നും പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ എംഎൽഎ ആവശ്യപ്പെട്ടു.

 


പ്രധാന വാർത്തകൾ
 Top