Deshabhimani

കുവൈറ്റിൽ പുതിയ ​ഗതാ​ഗത നിയമം; മദ്യപിച്ച് വാഹനമോടിച്ചാൽ 5000 ദിനാർ, മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ 75

വെബ് ഡെസ്ക്

Published on Nov 29, 2024, 03:55 PM | 0 min read

കുവൈറ്റ് സിറ്റി> കുവൈറ്റിൽ പുതിയ ഗതാഗത നിയമത്തിന് മന്ത്രിസഭ  അംഗീകാരം നൽകി. ചുവപ്പ് സിഗ്നൽ ലംഘനം, അശ്രദ്ധയോടെ വാഹനം ഓടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം  ഓടിക്കുക, അമിത വേഗത, എതിർദിശയിലൂടെ വാഹനം ഓടിക്കുക, മുതലായ ഗുരുതരമായ ലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ  തടവ് ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

ഇതിനു പുറമെ  വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ ഉൾപ്പെടെയുള്ള  മറ്റു നിയമ ലംഘനങ്ങൾക്കുള്ള പിഴയും വർദ്ധിപ്പിച്ചു. അമീറിന്റെ അംഗീകാരം കൂടി ലഭിച്ചതിന് ശേഷമായിരിക്കും നിയമം പ്രാബല്യത്തിൽ വരിക.

നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിന് 15 ദിനാറാണ് പിഴ ഈടാക്കുക. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കിയാൽ ഏറ്റവും വലിയ പിഴ 5,000 ദിനാർ  വരെയാകാം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാലുള്ള പിഴ 5 ദിനാറിൽ നിന്ന് 75 ദിനാറായും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിൻ്റെ പിഴ 10ൽ  നിന്നും  30 ദിനാറായും വർധിപ്പിക്കും.

അശ്രദ്ധയോടെ വാഹനം ഓടിച്ചാൽ 150, ചുവന്ന ട്രാഫിക് ലൈറ്റ് മറികടക്കുന്നതിന് 150, പൊതുനിരത്തുകളിൽ ഓട്ടമത്സരം നടത്തുന്നതിന് 150  പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കായുള്ള നിയുക്ത പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക്കുചെയ്താൽ 150 എന്നിങ്ങനെയായിരിക്കും പിഴ.

മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്ക് 1000  മുതൽ 3000 ദിനാർ  വരെ പിഴയും ഒരു വർഷം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ 2,000 മുതൽ 3,000 ദിനാർ വരെ പിഴയും ഒന്നു മുതൽ മൂന്നു വർഷം വരെ തടവും ലഭിക്കും. അമിതവേഗതയ്ക്കുള്ള പിഴകൾ വാഹനമോടിക്കുന്നയാൾ വേഗപരിധി കവിയുന്നതിൻ്റെ അടിസ്ഥാനത്തിൽ  70-150 ദിനാറിന്‌  ഇടയിലായി ഉയർത്തും.



deshabhimani section

Related News

0 comments
Sort by

Home