03 August Monday

നയാഗ്ര മലയാളി സമാജത്തിനു പുതിയ ഉപദേശക സമിതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


നയാഗ്ര> നയാഗ്ര മലയാളി സമാജത്തിനു ഉപദേശക സമിതിയിലേക്ക് 5 പേരെ തെരഞ്ഞെടുത്തു. നയാഗ്ര റീജിയണിന്റെ വിവിധ മേഖലകളിൽ നിന്നും മേഖലക്ക് പുറത്തു നിന്നും ആളുകളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഉപദേശക സമിതി രൂപീകരിച്ചിരിക്കുന്നത്. വെലന്റിൽ നിന്നും സുജിത് ശിവാനന്ദ്, സെന്റ് കാതറീൻസിൽ നിന്നും ഷെഫീഖ് മുഹമ്മദ്, നയാഗ്രയിൽ നിന്നും വർഗീസ് ജോസ്, രാജീവ് വാരിയർ എന്നിവരും മേഖലക്ക് പുറത്തു നിന്നും പ്രസാദ് മുട്ടേലുമാണ് സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ക്രിയാത്മകമായ അഭിപ്രായങ്ങളിലൂടെ സമാജത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇവർ നിർദേശങ്ങൾ നൽകും. മെയ് 17നു ഓൺലൈനിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഉപദേശക സമിതിയിലേക്കുള്ള അംഗങ്ങളുടെ പേരുകൾ നാമനിർദ്ദേശം ചെയ്തത്. തുടർന്ന് അഭിപ്രായ രൂപീകരണത്തിന് സമാജത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. 

10 വർഷമായി വെല്ലാൻഡിൽ താമസിക്കുന്ന സുജിത്ത് ശിവാനന്ദ് പ്രൊഫഷണൽ മാനേജ്‌മെന്റ് കോൺസൾട്ടന്റാണ്. പ്രശസ്‌ത മാനേജ്‌മന്റ് കോൺസൾട്ടൻസിയായ കെ.പി.എം.ജിയിൽ പാർട്ടണർ സ്ഥാനവും വിവിധ രാജ്യങ്ങളിലെ പദ്ധതികൾക്ക് നേതൃത്വവും വഹിച്ചിട്ടുണ്ട്. പാരിസിലെ ENPCയിൽ നിന്ന്  MBAയും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ബിസിനെസ്സിൽ ഡിപ്ലോമയും കേരളത്തിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെക്കുറിച്ചുള്ള പഠനത്തിലും പ്രഭാഷണത്തിലും തത്പരനായ സുജിത്ത്, കാനഡയിലെയും മറ്റു സ്ഥലങ്ങളിലെയും  നാരായണ ഫിലോസഫി സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

കഴിഞ്ഞ 10വർഷമായി നയാഗ്ര ഫാൾസിൽ താമസിക്കുന്ന വർഗീസ് ജോസ് ആരോഗ്യ മേഖലയിൽ  രജിസ്റ്റേർഡ് നേഴ്സ് ആയി സേവനം അനുഷ്ഠിക്കുന്നു. യുഎഇ, യുകെ, തുടങ്ങിയ സ്ഥലങ്ങളിലും നേഴ്സ് ആയി സേവനം അനുഷ്ടിച്ചു. നഴ്സിംഗ് ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് കോളേജ് ഓഫ് നഴ്സിങ്ങിൽ, പ്രിൻസിപ്പൽ തസ്‌തികയിൽ ജോലി ചെയ്തു. എംജിആർ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥാമാക്കിയിട്ടുണ്ട്.

14 വർഷത്തിലേറെയായി നയാഗ്ര ഫാൽസിൽ സ്ഥിരതാമസമായ രാജീവ് വാരിയർ, ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് രംഗത്താണ് സേവനം അനുഷ്ഠിക്കുന്നത്. Msc ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ രാജീവ്, IBMന്റെ കമ്പ്യൂട്ടർ മാനേജ്‌മന്റ് ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. എഫ്ഡിസി ഇന്ത്യ, വിപ്രോ ഇന്ത്യ, എമിറൈറ്സ് നിയോൺ ദുബായ്, ഡേറ്റ പ്രൊ ഇന്ത്യ, എൻഫ്പിസി അബുദാബി തുടങ്ങിയ കമ്പനികളിൽ വിവിധ തസ്‌തികകളിൽ ജോലി ചെയ്തിട്ടുണ്ട്.

സെന്റ് കാതറൈൻസിലെ മലയാളികൾക്കിടയിലെ അറിയപ്പെടുന്ന ബിസിനസ് മുഖമാണ് ഷെഫീഖ് മുഹമ്മദ്. ഓസ്‌ട്രേലിയയിൽ നിന്ന് പാചക കലയിൽ ഡിപ്ലോമ സ്വന്തമാക്കിയ ഷെഫീഖ്, ഓസ്‌ട്രേലിയയിലെ തന്നെ പ്രമുഖ ഹോട്ടലായ ബ്രൂക്‌വൈൽ ഹോട്ടലിൽ നാലര വർഷത്തെ സേവനത്തിനു ശേഷമാണ് കാനഡയിലെത്തുന്നത്.  കഴിഞ്ഞ രണ്ടു വർഷമായി ഹോട്ടൽ ബിസിനസ് രംഗത്തുള്ള ഷെഫീഖ് സെന്റ് കാതറൈൻസിൽ സ്ഥിര താമസമാണ്.

കഴിഞ്ഞ 12 വർഷമായി ആരോഗ്യ രംഗമാണ് പ്രസാദ് മുട്ടേലിന്റെ സേവന മേഖല. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും നഴ്സിങ്ങിൽ ബിരുദം കരസ്ഥാമാക്കിയ പ്രസാദ് മുട്ടേൽ ഡൽഹി കുവൈറ്റ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ബ്രന്റ്‌ഫോർഡിലെ ബ്രന്റ്‌വുഡ് സർവീസസിലാണ് നിലവിൽ സേവനം അനുഷ്ഠിക്കുന്നത്.  നയാഗ്ര മലയാളി സമാജത്തിന്റെ രൂപീകരണ സമയം മുതൽ സഹകരിച്ചു പ്രവർത്തിക്കുന്ന പ്രസാദ് ഇപ്പോൾ പാരിസിൽ സ്ഥിരതാമസമാണ്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top