14 April Wednesday

പ്രവാസിക്ഷേമത്തിന് ഇടതുപക്ഷഭരണം അനിവാര്യം; നവോദയ കിഴക്കൻ പ്രവിശ്യ

വെബ് ഡെസ്‌ക്‌Updated: Sunday Apr 4, 2021

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വോട്ട് രേഖപ്പെടുത്തി വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റണമെന്ന് മുഴുവൻ പ്രവാസികളോടും നവോദയ കിഴക്കൻ പ്രവിശ്യ അഭ്യർത്ഥിച്ചു. “ലക്ഷക്കണക്കിന് മലയാളികൾ മരുഭൂമിയിൽ ഒഴുക്കിയ വിയർപ്പിൻറെയും കണ്ണീരിൻറെയും ഫലമായുണ്ടായതാണ് നമ്മളിന്ന് കാണുന്ന കേരളം”. 2016 ൽ തിരുവനന്തപുരത്ത് നടന്ന അവസാന തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണ്. ഇത് വെറും വാക്കായില്ല, അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ 500 രൂപ മാത്രമായിരുന്ന പ്രവാസിപെൻഷൻ 2000 മാക്കി ഉയർത്തി. ഇക്കഴിഞ്ഞ ബജറ്റിൽ ഇത് 3500 ആക്കി, അടുത്ത ഘട്ടത്തിൽ 5000 ത്തിലേക്കെത്തിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.ഇതോടൊപ്പം കുടുംബപെൻഷൻ, അവശതാപെൻഷൻ, ചികിത്സാസഹായം, വിവാഹധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസആനുകൂല്യം തുടങ്ങി ഒട്ടനവധി സഹായങ്ങളാണ് നൽകി വരുന്നത്. കോവിഡ് കാലത്ത് വിദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ പ്രവാസികൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ കക്ഷിരാഷ്ട്രീയഭേദമന്യേ പ്രവാസിസംഘടകളെ കൂട്ടിച്ചേർത്ത് ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ച് നടത്തിയ പ്രവർത്തനം സ്തുത്യർഹമാണ്.

കോവിഡ് കാലത്ത് തിരിച്ചു പോകാൻ കഴിയാത്ത ഒരുലക്ഷത്തിലധികം പ്രവാസികൾക്ക് ധനസഹായം നൽകി. അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തേണ്ട പ്രവാസികളെ പ്രത്യേകവിമാനങ്ങളിൽ നാട്ടിലെത്തിച്ചു. നാട്ടിലെത്തുന്നവർക്കു സൗജന്യ ക്വാറന്റെയ്ൻ സൗകര്യമൊരുക്കി. കോവിഡ് ചികിത്സ സൗജന്യമാക്കി. കേന്ദ്രസർക്കാർ നിര്ബന്ധിതമാക്കിയ യാത്രാസമയത്തെ കോവിഡ് ടെസ്റ്റ് പൂർണ്ണമായും സൗജന്യമാക്കിയ ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം നിലവിൽ കേരളമാണ്. ഇങ്ങനെ   ലോകത്ത്‌ മറ്റൊരിടത്തുമില്ലാത്ത കരുതലാണ് പ്രവാസികൾക്ക് പിണറായി സർക്കാർ നൽകിയിട്ടുള്ളത്.

പ്രവാസികളുടെ പ്രശ്നങ്ങൾ വേറിട്ടതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോളമലയാളികളെ ഒരു പ്ലാറ്റ്ഫോമിൽ ഒരുമിപ്പിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി ലോകകേരളസഭ എന്ന ആശയം നടപ്പിലാക്കിയത്. ഏഴു സബ്ജക്റ്റ് കമ്മറ്റികൾ മുന്നോട്ട് വെച്ച പത്ത് നിർദേശങ്ങളിൽ എട്ടും നടപ്പിലാക്കി കഴിഞ്ഞു.പ്രവാസികൾ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിൽ നഷ്ടമാണ്, ഗൾഫ് യുദ്ധകാലത്ത് തുടങ്ങി, ആഗോളസാമ്പത്തികമാന്ദ്യവും, നിതാഖാത്തും, ക്രൂഡ് ഓയിൽ വിലത്തകർച്ചയും സൃഷ്‌ടിച്ച തൊഴിൽനഷ്ടം കോവിഡ് വ്യാപനത്തെ തുടർന്ന് ഉച്ചകോടിയിലെത്തിച്ചിരിക്കയാണ്.വിവിധ രാജ്യങ്ങളിൽ നിന്ന്  കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാട്ടിൽ തിരിച്ചെത്തിയത് ആറ് ലക്ഷത്തോളം പ്രവാസികളാണ് . ഇവരുടെ പുനരധിവാസം യാഥാർഥ്യമാക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. NDPREM വഴി സബ്സിഡിയോടും, പലിശയിളവോടും കൂടിയുള്ള നൽകുന്ന വായ്‌പ്പാ പദ്ധതിവഴി നിരവധി പേർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്താനായി.

അടിസ്ഥാനസൗകര്യവികസനപദ്ധതികളിൽ പണം നിക്ഷേപിച്ചു ഡിവിഡൻറ് ലഭ്യമാക്കുന്ന സ്കീമിന് തുടക്കമായി. തിരികെയെത്തിയ പ്രവാസികളുടെ തൊഴിൽനൈപുണ്യവും നിക്ഷേപസാധ്യതകളും ഉപയോഗപ്പെടുത്തി ചെറുതും വലുതുമായ വാണിജ്യ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസി സംഘടനകളുമായി കൈകോർത്ത് പദ്ധതികൾ ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുന്നു. 1996 ൽ നോർക്ക വകുപ്പ് ആരംഭിച്ച് നോർക്ക റൂട്ട് വഴിയാണ് സാന്ത്വനം , തിരിച്ചറിയൽ കാർഡ്, സൗജന്യ ആംബുലൻസ്, ഇൻഷുറൻസ് പദ്ധതി എന്നിവ നടപ്പിലാക്കിയത്. 2010 ൽ ആരംഭിച്ച വെൽഫെയർ ബോർഡ് പെൻഷനുംഡിവിഡൻറ്പദ്ധതിയുംനടപ്പിലാക്ക. . ഇങ്ങനെ ഇടതുപക്ഷ സർക്കാരിൻറെ കയ്യൊപ്പ് പതിഞ്ഞിട്ടില്ലാത്ത ഒരു പ്രവാസി ക്ഷേമ പദ്ധതി പോലും കേരളത്തിൽ ഇന്ന് വരെ നടപ്പിലാക്കിയിട്ടില്ല. ഇത് നില നിർത്തുന്നതിനും, പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും തുടർഭരണം അനിവാര്യമാണ്. അതുകൊണ്ട് ഏപ്രിൽ ആറിന് നടക്കുന്ന തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വോട്ട് രേഖപ്പെടുത്തി വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റണമെന്ന് മുഴുവൻ പ്രവാസികളോടും നവോദയ കിഴക്കൻ പ്രവിശ്യ അഭ്യർത്ഥിക്കുന്നതായി കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top