07 August Friday

വന്ദേ ഭാരത് ടിക്കറ്റ് നിരക്ക് ഇരട്ടിപ്പിച്ചതിൽ നവോദയ പ്രതിഷേധിച്ചു

കെ വിഷ്ണുദത്ത്Updated: Monday Jun 8, 2020

റിയാദ്‌ > സൗദിയിൽ നിന്നുള്ള എയർ  ഇന്ത്യ വിമാന ചാർജ്ജ് വർധനയിൽ നവോദയ  പ്രതിഷേധം അറിയിച്ചു . വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ ഈടാക്കിയിരുന്നിടത്ത് കൊച്ചിയിലേക്ക്  1703 ഉം കണ്ണൂരിലേക്ക് 1733 റിയാലുമാണ്  ഇപ്പോള്‍ ഈടാക്കുന്നത്. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാലും  സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എയർ ഇന്ത്യയുടെ പുതിയ ടിക്കറ്റ് നിരക്ക് വർധനവ് .

സൗദിയിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ജൂൺ 10 മുതൽ 16 വരെ ഇരുപത് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് .ഈ ഫ്ലയിറ്റുകൾക്കാണ് മുൻപെ ഈടാക്കിയതിനേക്കാൾ ഇരട്ടി ചാർജ് എയർ ഇന്ത്യ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് . ചാർട്ടഡ് വിമാനങ്ങൾക്ക് പോലും വന്ദേ ഭാരതിന്റെ  നിരക്കിനെക്കാൾ കൂടുതൽ തുക ഈടാക്കരുത് എന്ന പ്രവാസി അനുകൂല നിലപാട് കേരള സർക്കാർ സ്വീകരിക്കുമ്പോഴാണ് എയർ ഇന്ത്യ  ടിക്കറ്റ് ചാർജ്ജ് ഇരട്ടിയാക്കിയിരിക്കുന്നത് . കേരള സർക്കാറിൻ്റെ ഈ നിലപാടിനെതിരെ കേവല രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ വിമർശനം ഉന്നയിച്ചവർ ഇപ്പോൾ എയർ ഇന്ത്യയുടെ ദുരിത ഈ കൊള്ളക്ക് എതിരെ മൗനം പാലിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

മാത്രമല്ല ടിക്കറ്റ് പർച്ചേസ് ചെയ്യുന്നതിനും എയർ ഇന്ത്യ ഓഫീസിന് മുന്നിൽ സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാതെ മണിക്കൂറുകൾ വെയിലത്ത് നിന്നും  വലിയ ബുദ്ധിമുട്ടാണ് യാത്രക്കാർ നേരിടുന്നത് . യാത്രക്കാർക്ക് ടിക്കറ്റ് എടുക്കുന്നതിന് വേണ്ട ഓൺലൈൻ സംവിധാനം ഇനിയും ഒരുക്കിയിട്ടില്ല . എംബസിയിൽ നിന്നും മുൻകൂട്ടി  അറിയിപ്പ് ലഭിക്കാത്തതിനാൽ യാത്രയുടെ തൊട്ടു ദിവസങ്ങളിൽ വിദൂര പ്രദേശങ്ങളിൽ ഉള്ളവർ പോലും എയർ ഇന്ത്യയുടെ ഓഫീസിന് മുന്നിൽ കാത്തുകെട്ടി കിടക്കുകയാണ്. സൗദിയിലെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പ്രവാസികളെ കൂടുതൽ പ്രതിസന്ധികളിലാഴ്ത്തുന്ന ഇത്തരം സമീപനങ്ങൾ . കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രവാസികളോടുള്ള ഈ അവഗണനകൾക്ക് എതിരെ പ്രവാസ ലോകത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നുവരണം എന്ന് നവോദയ പ്രതിഷേധ കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top