20 March Wednesday
മോചനത്തിനുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടല്‍ വിവാദമായി

ആര്‍എസ്എസിന്റെ ഇഷ്ടതോഴനായ വിവാദ പൂജാരി ദുബായില്‍ പിടിയില്‍

അനസ് യാസിന്‍Updated: Friday Mar 15, 2019

മനാമ > രാജകുടുംബാംഗത്തിന്റെ പേരിൽ തട്ടിപ്പുനടത്തിയ കേസിൽ ദുബായിൽ അറസ്റ്റിലായ വിവാദ പൂജാരിയെ മോചിപ്പിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് അമിത താൽപ്പര്യം കാണിച്ചത് വിവാദമായി. ആർഎസ്എസ് –- വിഎച്ച്പി നേതൃത്വവുമായി അടുപ്പമുള്ള സുധീർ പ്രഭാകർ പൂജാരി (54)യാണ് അറസ്റ്റിലായത്. കസ്റ്റഡിയിലായി മണിക്കൂറുകൾക്കകം ദുബായ് കോൺസുലേറ്റ് ഇടപെട്ട് ജാമ്യത്തിലിറക്കി. മഹാരാഷ്ട്രയിലെ നാസിക്കിലെ പഞ്ചവടിയിലെ ക്ഷേത്ര പൂജാരിയാണ് ഇയാൾ. ദുബായിൽ വൻ ബിസിനസ് താൽപ്പര്യമുള്ള പൂജാരി സ്ഥിരമായി യുഎഇ സന്ദർശിക്കാറുണ്ട്. ധനസമാഹരണത്തിനായി രാജകുടുംബത്തിന്റെ പേര് ദുരുപയോഗിക്കുന്നുവെന്ന് കാണിച്ച് രാജകുടുംബാംഗം നൽകിയ പരാതിയിലാണ് അറസ്റ്റ്.

സോഷ്യൽ മീഡിയയിലും സജീവമായ ഇയാൾക്ക് ശ്രീ മഹന്ദ് സുധീർദാസ് മഹാരാജ് എന്ന പേരിൽ ഫെയ‌്സ്ബുക്കിലും ട്വിറ്ററിലും പേജുണ്ട്. കഴിഞ്ഞ വർഷം യുഎഇയിൽ മൂന്ന് കമ്പനി തുടങ്ങുന്ന കാര്യം ഫെയ്‌സ്ബുക്കിൽ വീഡിയോ  പോസ്റ്റ് ചെയ്തിരുന്നു. മുംബൈയിലും വൻ ബിസിനസ് സാമ്രാജ്യം ഇയാൾക്കുണ്ട്. 2009ൽ ബിഎസ‌്‌പി സ്ഥാനാർഥിയായി ലോക‌്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി വളരെ അടുത്ത ബന്ധമാണ് വിവാദ പൂജാരിക്കുള്ളത്. ഭാഗവത് കഴിഞ്ഞാൽ അടുത്തയാളായാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നതത്രെ. വിഎച്ച‌്പി ഉപദേശക സമിതി (മാർഗ ദർശക് മണ്ഡൽ) അംഗവും മോഡിയുടെ ശക്തനായ അനുയായിയുമാണ്.

പൂജാരി അറസ്റ്റിലായ ഉടനെ പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രണ്ട് ബിജെപി എംപിമാർ വിദേശമന്ത്രി സുഷ‌്മ സ്വരാജിനെ കണ്ടിരുന്നു. ആർഎസ്എസ് നേതാക്കളും സമ്മർദം ചെലുത്തി. തുടർന്ന്, പൂജാരിയെ മോചിപ്പിക്കാൻ കോൺസുലർ ജനറൽ സിജി വിപുൽ നേരിട്ട് സ്‌റ്റേഷനിലെത്തിയതായാണ് വിവരം. എന്നാൽ, കേസിൽ ഇടപെട്ടെന്ന ആരോപണം കോൺസുലർ ജനറൽ നിഷേധിച്ചു. ഇന്ത്യക്കാർ അറസ്റ്റിലാകുമ്പോൾ സ്വീകരിക്കാറുള്ള സഹായമേ ഇക്കാര്യത്തിലും നൽകിയിട്ടുള്ളുവെന്നും അറസ്റ്റിന്റെ വിശദാംശം അറിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top