13 June Sunday

മുരുകന്‍ കാട്ടാക്കടക്ക് സംഘപരിവാര്‍ ഭീഷണി; ശക്തി തിയറ്റേഴ്സ് അപലപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

അബുദാബി> കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയെ അബുദാബി ശക്തി തിയറ്റേഴ്സ് അപലപിച്ചു. 'ജ് നല്ല മനുശനാകാന്‍ നോക്ക് ' എന്ന നാടകത്തിന്റെ  രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയ ഏറെ ഹിറ്റായ 'മനുഷ്യനാകണം' എന്ന ഗാനമാണ് സംഘപരിവാറുകാരെ പ്രകോപിതരാക്കിയത്.

അടുത്ത കാലത്ത് ഇത്രയേറെ ജനഹൃദയങ്ങളെ സ്വാധീനിച്ച മറ്റൊരു ഗാനം ഉണ്ടോ എന്നുപോലും സംശയമാണ്. ജനങ്ങള്‍ ഈ ഗാനം ഏറ്റെടുക്കുകയായിരുന്നു. നിരവധി ദൃശ്യാവിഷ്‌ക്കാരങ്ങളും നൃത്താവിഷ്‌കാരങ്ങളും ഈ  ഗാനത്തിനുണ്ടായി. ഇതിന്റെ രചയിതാവായ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയ്ക്ക് നേരെ ടെലഫോണ്‍ വഴി വധഭീഷണി മുഴക്കുകയായിരുന്നു.

മാനവീയതയ്ക്ക് വേണ്ടി നിലകൊള്ളുന്ന എഴുതുന്നവരെയും പാടുന്നവരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും നിശബ്ദരാക്കാന്‍ മതവര്‍ഗീയ തീവ്രവാദികള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ കൊലവിളി.ഇന്ത്യയിലെ പ്രതിഭാശാലികളായ എഴുത്തുകാരെയും ചിന്തകരെയും ശാരീരികമായി ആക്രമിക്കാനും കൊലപ്പെടുത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇത്തരം ഭീഷണികള്‍ ഇതിനു മുമ്പും എഴുത്തുകാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും സംഘപരിവാറുകാരുടെ ഒരു ഭീഷണിക്കും നിന്നുകൊടുക്കാത്ത സംസ്ഥാനമാണ് കേരളം.

മാനവ സ്‌നേഹത്തിലധിഷ്ഠിതമായ, ജനാധിപത്യത്തിനും സര്‍ഗാത്മകതക്കുമെതിരായ നിരന്തര കടന്നാക്രമണം നടത്തുന്നവരോടൊപ്പമല്ല, മുരുകന്‍ കാട്ടാക്കടയെപ്പോലെ ഉന്നതമായ മനുഷ്യത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരോടും സാംസ്‌കാരിക പ്രവര്‍ത്തകരോടൊപ്പമാണ് കേരളം നിലകൊള്ളുന്നതെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരിയും ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും സംയുക്ത പ്രസ്താവനയിലൂടെ  വ്യക്തമാക്കി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top